സീറോ മലബാര്‍ സീനിയര്‍ ഫോറം യോഗം ചേര്‍ന്നു

seniorsforum_pic1
ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ സീനിയര്‍ ഫോറത്തിന്റെ യോഗം ജൂണ്‍ അഞ്ചാം തീയതി രാവിലെ 9.30-നു ചാവറ ഹാളില്‍ ചേരുകയുണ്ടായി. ഇടവക വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ റോയി തോമസ് വരകില്‍പറമ്പില്‍ ആമുഖ പ്രസംഗം നടത്തി. മേരിക്കുട്ടി ജോസഫിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ഈ യോഗത്തില്‍ വന്നുചേര്‍ന്ന എല്ലാവര്‍ക്കും ജോര്‍ജ് ചാഴൂര്‍ സ്വാഗതം ആശംസിച്ചു.

ഇന്ത്യന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫിനു യോഗാംഗങ്ങള്‍ ഹൃദ്യമായ സ്വീകരണം നല്‍കി. ഈ യോഗത്തില്‍ ഏറെ താത്പര്യത്തോടെ പങ്കെടുത്ത അദ്ദേഹം വളരെ മനോഹരമായ സന്ദേശം നല്‍കുകയുംചെയ്തു. കൊച്ചുമക്കളോടുള്ള ബന്ധത്തെക്കുറിച്ചും, ദൈവത്തിന്റെ മഹനീയ പദ്ധതികളില്‍ സന്തോഷപൂര്‍വം പങ്കുചേരുന്നതിന്റെ മാഹാത്മ്യത്തേയും കുറിച്ചു പറഞ്ഞ ജസ്റ്റീസ് കുര്യന്‍ എല്ലാവര്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു.

വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഈ യോഗത്തില്‍ പ്രസിഡന്റ് ലില്ലി തച്ചിലിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഫെയര്‍ സംഘടിപ്പിച്ചിരുന്നു. ഐ.എന്‍.എ.ഐ പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസ് പ്രമേഹത്തെക്കുറിച്ച് ഒരു സംക്ഷിപ്ത വിവരണവും നല്‍കി. ഏവര്‍ക്കും ലഘുഭക്ഷണവും ഒരുക്കിയിരുന്നു.

മുതിര്‍ന്നവര്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളെക്കുറിച്ച് ജോസ് കോലഞ്ചേരി വളരെ ഭംഗിയായി ക്ലാസ് എടുത്തു. ഇന്‍ഷ്വറന്‍സ് പരിരക്ഷയെക്കുറിച്ചും മറ്റ് ആനുകൂല്യങ്ങളെക്കുറിച്ചും പ്രതിപാദിച്ച ഈ അവതരണത്തിന്റെ ചോദ്യോത്തരവേള ഏറെ സജീവമായി.

പുതിയ ഭാരവാഹികളേയും തദവസരത്തില്‍ തെരഞ്ഞെടുക്കുകയുണ്ടായി. ഡോ. മാത്യു കോശി (പ്രസിഡന്റ്), ജോര്‍ജ് കൊട്ടുകാപ്പള്ളി (സെക്രട്ടറി), ഗ്രേസ് കണ്ണൂക്കാടന്‍ (ട്രഷറര്‍) എന്നിവരോടൊപ്പം റോയി തോമസിനെ അഡൈ്വസറി അംഗമായും, ജോര്‍ജുകുട്ടി കാപ്പില്‍, ടോണി ദേവസി, ത്രേസ്യാമ്മ ചെന്നിക്കര എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. സിസിലി ടീച്ചര്‍ ഏവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചു. ബീനാ വള്ളിക്കളം അറിയിച്ചതാണിത്.