സുഡാനില്‍ നിന്ന് മലയാളികളടങ്ങിയ 156 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

10:30 AM 15/07/2016
download (8)

ന്യൂഡല്‍ഹി: ആഭ്യന്തരയുദ്ധം നടക്കുന്ന ദക്ഷിണ സുഡാനില്‍ നിന്ന് മലയാളികളടങ്ങിയ 156 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. വ്യോമസേനയുടെ സി-17 വിമാനത്തിലെത്തിയ 45 മലയാളികളും 32 തമിഴ്നാട്ടുകാരും പുലർച്ചെ അഞ്ചു മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയത്. സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ കലക്ടറും തിരിച്ചെത്തിയവരെ സ്വീകരിച്ചു.

വിദേശകാര്യ സഹമന്ത്രി മേജർ വി.കെ സിങ് ഇവരെ അനുഗമിച്ചിരുന്നു. നാട്ടിലെത്താൻ വിസമ്മതിച്ച് ബിസിനസുകാർ അടക്കമുള്ള 300ലധികം പേർ സുഡാനിൽ ഇപ്പോഴുമുണ്ടെന്ന് വി.കെ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ദക്ഷിണ മേഖലയിലെ യാത്രക്കാരെയിറക്കിയ ശേഷം വിമാനം ഡല്‍ഹിക്ക് തിരിച്ചു. സുഡാനിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഉടൻ ഡൽഹിയിലെത്തും.

സര്‍ക്കാര്‍ സേനയും മുന്‍ വിമതസേനയുമായി ഏറ്റുമുട്ടുന്ന ദക്ഷിണ സുഡാനിൽ 600ഓളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ഇതിൽ 450 പേർ തലസ്ഥാനമായ ജൂബയിലാണുള്ളത്. സര്‍ക്കാര്‍ സേനയും വിമതസേനയും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യം പ്രയോജനപ്പെടുത്തി പരമാവധി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതിനായി ‘ഓപറേഷന്‍ സങ്കട്മോചന്‍’ എന്ന് പേരിട്ട ഒഴിപ്പിക്കല്‍ നടപടി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.