സുപ്രീംകോടതി ജസ്റ്റീസ് കുര്യന്‍ ജോസഫിനു ഫോമ ഷിക്കാഗോ റീജിയന്‍ പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി

12.48 AM 23-06-2016
justisekurianjoseph_pic1
ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സുപ്രീംകോടതി ജസ്റ്റീസ് കുര്യന്‍ ജോസഫിനു ജൂണ്‍ 17-നു സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചു ഫോമ ഷിക്കാഗോ റീജിയന്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി. സണ്ണി വള്ളിക്കളം തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ജഡ്ജ് കുര്യന്‍ ജോസഫിന്റെ ഉത്തരവാദിത്വപ്പെട്ട ഔദ്യോഗിക പദവിയെ അഭിനന്ദിക്കുകയും, ഫോമയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി സംസാരിക്കുകയും ചെയ്തു. ഫോമ എന്ന അംബ്രല്ലാ സംഘടന ചെയ്തുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റിയും, ആര്‍.സി.സി പ്രൊജക്ടിനുവേണ്ടി ചെയ്യുന്ന സഹായങ്ങളെപ്പറ്റിയും വിശദീകരിച്ചു.

തദവസരത്തില്‍ സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് തന്റെ ആശംസാ പ്രസംഗത്തില്‍ ജസ്റ്റീസ് കുര്യന്‍ ജോസഫ് തന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങളോടൊപ്പം സഭയോടും ദൈവത്തിലുമുള്ള വിശ്വാസം ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്നതായി പറഞ്ഞു. ഫോമ ഷിക്കാഗോ റീജിയന്‍ മുന്‍കൈ എടുത്തു നടത്തുന്ന ഈ സ്വീകരണത്തിനു ജസ്റ്റീസ് കുര്യന്‍ ജോസഫ് എന്തുകൊണ്ടും യോഗ്യനാണെന്നും ഇങ്ങനെ ഒരു സ്വീകരണം നല്‍കിയ ഫോമാ ഷിക്കാഗോ റീജിയന്‍ ഭാരവാഹികളെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞു. ഫോമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബെന്നി വാച്ചാച്ചിറ തന്റെ ആശംസാ പ്രസംഗത്തില്‍ ജസ്റ്റീസ് കുര്യന്‍ ജോസഫ് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയ്ക്ക് നല്‍കുന്ന സംഭാവനകളെ അഭിനന്ദിച്ചു. റീജണല്‍ ജോയിന്റ് സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു തന്റെ ആശംസാ പ്രസംഗത്തില്‍ ഭാരതീയ ക്രിസ്തീയ സഭകള്‍ക്കും സമൂഹങ്ങള്‍ക്കും നല്‍കുന്ന സംഭാവനകളെ അഭിനന്ദിച്ചു. ബീന വള്ളിക്കളം തന്റെ ആശംസാ പ്രസംഗത്തില്‍ ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ ജീവിതവഴികളേയും നേട്ടങ്ങളേയുംകുറിച്ച് സംസാരിക്കുകയുണ്ടായി. ഫോമ ഷിക്കാഗോ റീജിയന്റെ ട്രഷററായി മത്സരിക്കുന്ന ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ഈ യോഗത്തിന്റെ എം.സി പദം അലങ്കരിക്കുകയും തന്റെ ആമുഖ പ്രസംഗത്തില്‍ ഇന്ത്യന്‍ പരമോന്നത നീതിപീഠത്തില്‍ പ്രവര്‍ത്തിക്കാന്‍ സര്‍വ്വേശ്വരന്‍ ജസ്റ്റീസ് കുര്യന്‍ ജോസഫിനു ശക്തി നല്‍കട്ടെ എന്ന് ആശംസിച്ചു.

ജസ്റ്റീസ് കുര്യന്‍ ജോസഫ് തന്റെ മറുപടി പ്രസംഗത്തില്‍ ഫോമയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റി നഴ്‌സിംഗ് പ്രോഗ്രാമില്‍ കൂടി മലയാളികള്‍ക്ക് നല്‍കുന്ന സേവനങ്ങളേയും, തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിനു നല്‍കുന്ന എല്ലാവിധ സഹായങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു. അതോടൊപ്പം ഫോമയുടെ എല്ലാവിധ ഭാവി പരിപാടികള്‍ക്കും ആശംസകള്‍ നേരുകയും, ഫോമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബെന്നി വാച്ചാച്ചിറയ്ക്കും, ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജോസി കുരിശിങ്കലിനും എല്ലാ ആശംസകളും നേര്‍ന്നു.

ഫോമ ഷിക്കാഗോ റീജണല്‍ സെക്രട്ടറി ജോസി കുരിശിങ്കല്‍ ഈ സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത വിശിഷ്ടാതിഥികളായ ജസ്റ്റീസ് കുര്യന്‍ ജോസഫിനും, മാര്‍ ജോയി ആലപ്പാട്ട് തിരുമേനിക്കും പ്രത്യേകം നന്ദി അറിയിച്ചു. അതുപോലെ ഈ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. അച്ചന്‍കുഞ്ഞ് മാത്യു അറിയിച്ചതാണിത്.