09:33am 14/04/2016
ന്യൂഡല്‍ഹി: ശബരിമല കേസില്‍ വാദത്തിനിടെ പ്രമുഖ അഭിഭാഷക കാമിനി ജയ്‌സ്വാള്‍ നടത്തിയ പരാമര്‍ശം സുപ്രീംകോടതിയെ ചൊടിപ്പിച്ചു. ഇതേതുടര്‍ന്ന് പരാമര്‍ശം കാമിനി പിന്‍വലിച്ചു. സമൂഹത്തില്‍ സമത്വം നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്ത്രീ ‘നവ ഹരിജന്‍’ ആയി മാറിയിരിക്കുകയാണെന്ന പരാമര്‍ശമാണ് ജസ്റ്റിസ് വി. ഗോപാല ഗൗഡയുടെ രൂക്ഷവിമര്‍ശത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നത്.
ശബരിമല വിഷയത്തില്‍ തന്റെ സ്ത്രീപക്ഷ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിനിടയിലാണ് അഡ്വ. കാമിനി ജയ്‌സ്വാളില്‍ നിന്ന് ദലിത് വിരുദ്ധമെന്ന് തോന്നിക്കുന്ന പരാമര്‍ശമുണ്ടായത്. നിയമമറിയുന്ന ഒരാള്‍ നടത്തേണ്ട പ്രയോഗമല്ല ഇതെന്ന് കാമിനി ജയ്‌സ്വാളിനെ ജസ്റ്റിസ് ഗൗഡ ഓര്‍മിപ്പിച്ചു.
ഹരിജനങ്ങളെ വിവേചിച്ച് കാണില്‌ളെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ഭരണഘടനാ അസംബ്‌ളി മാസങ്ങളോളം ചര്‍ച്ച ചെയ്ത വിഷയമാണിത്. എന്നിട്ടും ഇത്രയും നിയമമറിയുന്ന ഒരാള്‍ നവ ഹരിജന്‍ എന്ന പ്രയോഗം നടത്തുമ്പോള്‍ അത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും ഗൗഡ കൂട്ടിച്ചേര്‍ത്തു. ഇതേ തുടര്‍ന്ന് കോടതി പറയുന്നത് താന്‍ പൂര്‍ണമായും മാനിക്കുന്നുവെന്ന് പറഞ്ഞ് കാമിനി പ്രയോഗം പിന്‍വലിച്ച് ക്ഷമാപണം നടത്തി.