സുരേഷ് ഗോപി രാജ്യസഭയിലേക്ക്

08:00am 20/04/2016
download
ന്യൂഡല്‍ഹി: പ്രമുഖ ചലച്ചിത്രതാരം സുരേഷ് ഗോപി രാജ്യസഭാംഗമായേക്കും. അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ അറിയിച്ചതായി ബി.ജെ.പി വൃത്തങ്ങള്‍ വ്യക്തമാക്കി. ഞായറാഴ്ച ഡല്‍ഹിയിലേക്ക് സുരേഷ് ഗോപിയെ വിളിപ്പിച്ചാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. നാമനിര്‍ദേശം വഴി തെരഞ്ഞെടുക്കപ്പെടുന്ന ഏഴ് അംഗങ്ങളുടെ ഒഴിവ് നിലവിലുണ്ട്. ഇതില്‍ കലാകാരന്മാരുടെ ഒഴിവിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കാനാണ് ബി.ജെ.പി തീരുമാനം. അമിത് ഷാ വിവരമറിയിച്ചതിനെ തുടര്‍ന്ന്, ഗള്‍ഫിലേക്ക് പോകാനിരുന്ന സുരേഷ് ഗോപി യാത്ര റദ്ദാക്കി പാര്‍ട്ടി നേതാക്കളെ കാണാനുള്ള ഒരുക്കത്തിലാണ്.
അതേസമയം, സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തുള്ള പ്രധാനമന്ത്രിയുടെ അപേക്ഷ ലഭിച്ചിട്ടില്‌ളെന്ന് രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. ശിപാര്‍ശ ലഭിക്കാത്ത സ്ഥിതിക്ക് ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ തയാറല്‌ളെന്നും അവര്‍ പറഞ്ഞു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുവേണ്ടി വിവിധ സ്ഥലങ്ങളില്‍ പ്രചാരണത്തിന് കഴിഞ്ഞദിവസങ്ങളില്‍ സുരേഷ് ഗോപി രംഗത്തിറങ്ങിയിരുന്നു. രണ്ടു വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അടുപ്പംപുലര്‍ത്തുന്ന ഇദ്ദേഹം ഇടക്കാലത്ത് ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനാകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് നടക്കാതെപോവുകയായിരുന്നു.