സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ചര്‍ച്ച് ഓഫ് ഹൂസ്റ്റണില്‍ ശ്ലീഹമാരുടെ പെരുന്നാള്‍ കൊണ്ടാടി

08:10am 02/7/2016

പി.പി.ചെറിയാന്‍
unnamed
വി.പത്രോസ്, പൗലോസ് ശ്ലീഹമാരുടെ നാമധേയത്തിലുള്ള ഹൂസ്റ്റണിലെ ഏക ദേവാലയമായ സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ പെരുന്നാള്‍ ജൂണ്‍ മാസം 25, 26 (ശനി, ഞായര്‍) തീയതികളില്‍ ഭക്തി ആദരപൂര്‍വ്വം കൊണ്ടാടി.

25 ന് ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ഇടവക ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൂസേബിയോസ് മെത്രാപ്പോലീത്താ കൊടി ഉയര്‍ത്തി പെരുന്നാളിനു തുടക്കം കുറിച്ചു. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും റവ.ഫാ.പി.എ. ഫിലിപ്പിന്റെ വചന പ്രഘോഷണവും ഉണ്ടായിരുന്നു. സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് റവ.ഫാ.മാത്തുക്കുട്ടി വര്‍ഗ്ഗീസ്, റവ.ഫാ. മാമ്മന്‍ മാത്യു, റവ.ഫാ.പി.എം. ചെറിയാന്‍, റവ.ഫാ.രാജേഷ് കെ.ജോണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 8 മണിയ്ക്ക് സ്റ്റാഫോര്‍ഡ് യൂണിവേഴ്‌സല്‍ ഫര്‍ണീച്ചര്‍ സ്‌പോണ്‍സര്‍ ചെയ്ത ഏലിയാസ് ഏഞ്ചല്‍ വോയിസിന്റെ മ്യൂസിക്കല്‍ നൈറ്റ് ഉണ്ടായിരുന്നു. തുടര്‍ന്ന് ജിജിമോന്‍ അത്താണിക്കലിന്റെ നേതൃത്വത്തില്‍ നടന്ന വര്‍ണ്ണശമ്പളമായ കരിമരുന്നു പ്രയോഗം പെരുന്നാളിനെ ഹൂസ്റ്റണിലെ മറ്റു ഇടവക പെരുന്നാളുകളില്‍ നിന്നും വ്യത്യസ്തമാക്കി. ശേഷം നടന്ന സ്‌നേഹവിരുന്നിന് കമ്മിറ്റി അംഗം സന്ദീപ് മറ്റമത, സ്ത്രീസമാജ സെക്രട്ടറി ഏലിയാമ്മ അവിര എന്നിവര്‍ നേതൃത്വം നല്‍കി.

26 ന് ഞായറാഴ്ച രാവിലെ അഭി.തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന മൂന്നിന്‍ മേല്‍ കുര്‍ബ്ബാനയക്ക് റവ.ഫാ.ജോണ്‍ ഗീവര്‍ഗ്ഗീസ്, റവ.ഫാ.പി.എ.ഫിലിപ്പ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഭദ്രാസനത്തിലെ പ്രമുഖ സീനിയര്‍ വൈദികന്‍ റവ.ഫാ.ഡോ.സി.ഓ.വര്‍ഗ്ഗീസ്, റവ.ഫാ.ഷോണ്‍ മാത്യുവും ശുശ്രൂഷകളിലുടനീളം സന്നിഹിതരായിരുന്നു.

കമ്മിറ്റി അംഗം റജി സകറിയയോടൊപ്പം ഷാജി ഏബ്രഹാം, സജി മത്തായി, തുടങ്ങിയ 15 ഓളം പേര്‍ മദ്ബഹയില്‍ ശുശ്രൂഷകരായിരുന്നു.

ഷെബിന്‍ ബോബന്റെ കീബോര്‍ഡില്‍ സ്മിതാ സജി, ആനി ഏബ്രഹാം, ലീലാമ്മ ശാമുവേല്‍, ജോണ്‍ യോഹന്നാന്‍ തുടങ്ങിയവര്‍ നയിച്ച ക്വയര്‍ ശ്രുതി മധുരമായ ഗാനങ്ങളാല്‍ ഇടവകയെ ഭക്തിസാന്ദ്രമാക്കി.

വി.കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന വര്‍ണ്ണശമ്പളമായ റാസയ്ക്ക് ഇടവക സെക്രട്ടറി ഷിജിന്‍ തോമസ്, ട്രസ്റ്റി രാജു സകറിയ എന്നിവര്‍ നേതൃത്വം നല്‍കി.
പെരുന്നാള്‍ വിജയത്തിനായി ഇടവക വികാരി റവ.ഫാ.ഐസക് ബി.പ്രകാശിനോടൊപ്പം ഇടവക അസി.സെക്രട്ടറി റിജോ ജേക്കബും, അജി. സി. പോളും കോ-ഓര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിച്ചു.

ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളില്‍ നിന്നും പെരുന്നാളിനു സംബന്ധിച്ച എല്ലാ വിശ്വാസികള്‍ക്കും വികാരി റവ.ഫാ.ഐസക് ബി.പ്രകാശ് നന്ദി രേഖപ്പെടുത്തി.
റാസായ്ക്ക് ശേഷം ആശിര്‍വാദവും റജി ജോര്‍ജ് തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.

ഉച്ചയ്ക്ക് 2 മണിയോടു തിരുമേനി കൊടി ഇറക്കിയത്തോടുകൂടി ഈയാണ്ടത്തെ പെരുന്നാള്‍ സമ്മേളനം പര്യവസാനിച്ചു.

സെക്രട്ടറി ഷിജിന്‍ തോമസ്സ് അറിയിച്ചതാണീ വിവരം