സെന്റ് മേരീസ് മലങ്കര കാത്തലിക്ക് ചര്‍ച്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു

09.13 PM 15-06-2016
h

പി.പി.ചെറിയാന്‍
മസ്‌കിറ്റ്(ഡാളസ്): 1991 ല്‍ സ്ഥാപിതമായ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ജൂണ്‍ 12 ഞായറാഴ്ച മലങ്കര കാതോലിക്കാ സഭാ തലവന്‍ അഭിവന്ദ്യ ബസേലിയസ് ക്ലിമീസ് കതോലിക്കാ ബാവായുടെ വിശുദ്ധ ബലിയര്‍പ്പണത്തോടും പൊതു സമ്മേളനത്തോടും കൂടി സമാപിച്ചു.

ഞായര്‍ രാവിലെ 9 മണിക്ക് ജൂബിലി സമാപന സമ്മേളനത്തില്‍ പങ്കെടുക്കുവാനെത്തിയ കാതോലിക്കാ ഭാവയ്ക്ക് ഇടവക ജനങ്ങള്‍ ഹൃദ്യമായ സ്വീകരണം നല്‍കി.

ദേവാലയ കവാടത്തിലെത്തി ചേര്‍ന്ന ബാവയെ താലപ്പൊലി, ചെണ്ടമേളം, മുത്തുകുട എന്നിവയുടെ അകമ്പടിയോടെ ഇടവക വികാരിയും കമ്മിറ്റി അംഗങ്ങളും, ഇടവക ജനങ്ങളും, സമീപ പ്രദേശങ്ങളില്‍ നിന്നും എത്തിചേര്‍ന്ന വിശ്വാസ സമൂഹവും ചേര്‍ന്ന് ദേവാലയത്തിനകത്തേക്ക് ആനയിച്ചു. സഭയുടെ കീഴ് വഴക്കമനുസരിച്ച് ദേവാലയത്തിനകത്ത് ലിറ്റര്‍ജിക്കല്‍ സ്വീകരണവും നല്‍കി. തുടര്‍ന്ന് നടന്ന വിശുദ്ധ ബലിയര്‍പ്പണത്തിന് ബാവാ തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

പതിനൊന്നു മണിയോടെ കാതോലിക്കാ ബാവ സ്വീകരണവും, രജത ജൂബിലി സമാപന സമ്മേളനവും അമേരിക്കന്‍ ദേശീയ ഗാനത്തോടെ ആരംഭിച്ചു. ഷാരോണ്‍ ചെറിയാന്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു.

ഇടവക വികാരി ജോസഫ് നെടുമാന്‍ കുഴിയില്‍ അഭിവന്ദ്യ ബാവാ തിരുമേനിക്കും വിശിഷ്ടാതിഥികള്‍ക്കും സ്വാഗതമാശംസിച്ചു. പതിനൊന്ന് കുടുംബങ്ങളുമായി ആരംഭിച്ച പ്രാര്‍ത്ഥനാ കൂട്ടം ഇടവകയായി രൂപാന്തരപ്പെട്ടതും, മുന്‍വികാരിമാരുടെ നേതൃത്വത്തില്‍ ഇടവക കൈവരിച്ച നേട്ടങ്ങള്‍ക്ക് പുറകില്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തിച്ച ഇടവക ജനങ്ങളുടെ സേവന മനസ്ഥിതിയേയും വികാരി പ്രത്യേകം പ്രസംഗിച്ചു. ഇടവകയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സഭാ നേതാക്കന്മാര്‍ നല്‍കിയ സഹകരണത്തിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഇടവക ഗായസംഘത്തിന്റെ മനോഹര ഗാനത്തിനുശേഷം, ഗോപാലപിള്ള(ഹിന്ദു സൊസൈറ്റി), പി.പി.ചെറിയാന്‍ (ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക), അലക്‌സ് അലക്‌സാണ്ടര്‍ ഡാളസ് എക്യൂമെനിക്കല്‍ ചര്‍ച്ച്‌സ്) തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി.

ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു സംഘടിപ്പിച്ച സ്വീകരണത്തില്‍ കാതോലിക്കാ ഭാവ ഇടവക ജനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. ഭൗതീക വളര്‍ച്ചയോടൊപ്പം ആത്മീയ വളര്‍ച്ചയും പ്രാപിക്കുമ്പോള്‍ മാത്രമാണ് ക്രിസ്തീയ ജീവിതത്തിന്റെ ധന്യത അനുഭവവേദ്യമാകുന്നതെന്ന് തിരുമേനി ഓര്‍മ്മിപ്പിച്ചു. സമസൃഷ്ടികളുടെ വേദന നമ്മുടെ വേദനയായി കാണുന്നതിനും, ആശ്വസിപ്പിക്കുന്നതിനും കഴിയുമ്പോള്‍ ലഭിക്കുന്ന ആത്മീയ നിവൃതി അവര്‍ണ്ണനീയമാണെന്ന് ഭാവാ തിരുമേനി പറഞ്ഞു. മനോഹരമായ ദേവാലയം പണിതുയര്‍ത്തുന്നതിന് അക്ഷീണം പ്രയത്‌നിക്കുകയും, സഹായസഹകരണങ്ങള്‍ നല്‍കുകയും ചെയ്ത എല്ലാവര്‍ക്കും കാരുണ്യവാനായ ദൈവം സമൃദ്ധിയായി അനുഗ്രഹങ്ങള്‍ നല്‍കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ സംഘടനാ പ്രതിനിധികള്‍ ബാവാക്ക് ഹാരാര്‍പ്പണം നടത്തി. വൈദീകവൃത്തിയില്‍ ആദ്യബലിയര്‍പ്പണം നടത്തി മുപ്പതുവര്‍ഷം പൂര്‍ത്തിയാക്കിയതില്‍ സന്തോഷം പങ്കിടുന്നതിന് ഇടവക ജനങ്ങള്‍ തയ്യാറാക്കിയ കേക്ക് തിരുമേനി മുറിച്ചു എല്ലാവര്‍ക്കും നല്‍കി.
സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ഇടവക സമാഹരിച്ച കേരളത്തിലെ നിര്‍ധനരായ മാതാപിതാക്കളുടെ കുട്ടികള്‍ക്കുള്ള വിവാഹ സഹായ ഫണ്ട് ജൂബിലി ചാരിറ്റി കണ്‍വീനര്‍ വര്‍ഗീസ് ജോണ്‍ ബാവാ തിരുമേനിയുെ ഏല്‍പിച്ചു. ബാവാ തിരുമേനിയുടെ ചാരിറ്റി ഫണ്ടിലേക്കുള്ള ഇടവകയുടെ സംഭാവന ട്രഷറര്‍ വര്‍ഗീസ് മാത്യു നല്‍കി. സെക്രട്ടറി ജിം ചെറിയാന്‍ നന്ദി പറഞ്ഞു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുജന്‍ കാക്കനാട്, ഷാലറ്റ് റജി വര്‍ഗീസ് തുടങ്ങിയവര്‍ എം.സി.മാരായിരുന്നു. സ്വീരണത്തിനും, ജൂബിലി സമ്മേളനത്തിനും ശേഷം വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു.