സെപ്റ്റംബര്‍ ഭീകരാക്രമണം ; സൗദി അറേബ്യക്കെതിരെ നഷ്ടപരിഹാര ബില്‍ ഒബാമ വീറ്റോ ചെയ്യും

08:09 am 14/9/2016
പി. പി. ചെറിയാന്‍
Newsimg1_95490908
വാഷിങ്ടണ്‍: 2001 സെപ്റ്റംബറില്‍ നടന്ന അല്‍ഖായിദ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സൗദി അറേബ്യ നഷ്ടപരിഹാരം നല്‍കണമെന്ന് സെനറ്റ് പാസ്സാക്കിയ ബില്‍ പ്രസിഡന്റ് ഒബാമ വീറ്റോ ചെയ്യുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് അറിയിച്ചു. യുഎസ് സെനറ്റ് മേയ് മാസമാണ് ഈ ബില്‍ ഐക്യണ്‌ഠേനെ അംഗീകരിച്ച് പ്രസിഡന്റിന്റെ അംഗീകരത്തിനായി അയച്ചത്.

ബില്‍ നിയമമായാല്‍ സൗദി അറേബ്യയുമായുളള നയതന്ത്ര ബന്ധങ്ങളില്‍ വിളളലുണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് ഇതിനു നല്‍കുന്ന വ്യാഖ്യാനം. ഭീകരതയ്‌ക്കെതിരെ ഫലപ്രദമായി പ്രതികരിക്കുന്നതിന് ഈ ബില്‍ ഉപകരിക്കുകയില്ലെന്നും തുടര്‍ന്ന് പറയുന്നു.

യുഎസ് സെനറ്റ്, ബില്‍ പാസ്സാക്കുന്നതിനുളള നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഒബാമയുടെ വീറ്റോ ദുര്‍ബലമാക്കുന്നതിനുളള അണിയറ ശ്രമങ്ങള്‍ ആരംഭിച്ചു. ഇത് പ്രാവര്‍ത്തികമായാല്‍ ആദ്യമായിട്ടായിരിക്കും ഒബാമയുടെ വീറ്റോ മറികടക്കുന്നതില്‍ സെനറ്റ് വിജയിക്കുന്നത്.

സെനറ്റിന്റെ തീരുമാനം പ്രസിഡന്റ് ഒപ്പിട്ട് നിയമമാകാതിരിക്കുന്നതിന് സൗദി അറേബ്യ ഉന്നതതല സമ്മര്‍ദം നടത്തിവരുന്നു. സെപ്റ്റംബര്‍ 11 ഞായറാഴ്ച ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ ഒബാമക്ക് ഈ വിഷയത്തെക്കുറിച്ച് തുറന്ന കത്ത് നല്‍കിയിരുന്നു.