സെല്‍ഫിക്കുള്ള ശ്രമത്തിനിടെ വന്‍ദുരന്തം. യുവാവിന് 20 ലക്ഷം തടവും, 60 മില്യണ്‍ പിഴയും

10:24am 13/4/2016

പി.പി.ചെറിയാന്‍
unnamed
കാലിഫോര്‍ണിയാ: അഗ്നിക്കു നടുവില്‍ നിന്ന് സ്വയം വീഡിയോ റിക്കാര്‍ഡിങ്ങ് നടത്തുന്നതിനിടെ ആളി പടര്‍ന്ന അഗ്നി കാലിഫോര്‍ണിയാ ചരിത്രത്തിലെ വന്‍ ദുരന്തത്തിനിടയാക്കിയ കേസ്സില്‍ പ്രതിയായ 20 വയസ്സുകാരന് 20 വര്‍ഷം തടവിലും, 60 മില്യണ്‍ ഡോളര്‍ പിഴ അടക്കുന്നതിനും ശിക്ഷിച്ചതായി ഏപ്രില്‍ 8 വെള്ളിയാഴ്ച എന്‍ഡൊ റാഡൊ കൗണ്ടി ഡിസ്ട്രിക്റ്റ് ഓഫീസില്‍ നിന്നും അറിയിച്ചു.2014 സെപ്റ്റംബര്‍ 13നായിരുന്നു സംഭവം.

വയന്‍ അലന്‍ ഹണ്ട്‌സ്മാന്‍(20) എന്ന യുവാവിന് അഗ്നിക്കു നടുവില്‍ നിന്നും വീഡിയോ ദൃശ്യം പകര്‍ത്തുന്നതിന് ഒരു മോഹം. ചുറ്റും കിടന്നിരുന്ന കരിയിലകളും മറ്റും കൂട്ടിയിട്ട് തീയിട്ടു. പെട്ടെന്ന് തീ അനിയന്ത്രിതമായി ആളികത്തുവാന്‍ ആരംഭിച്ചു. സമീപമുള്ള ലേക്ക് താഹു റിസോര്‍ട്ട് ഏരിയായിലേക്ക് തീ വ്യാപിച്ചു. 27 ദിവസത്തെ ഭഗീരഥ പ്രയത്‌നത്തിനു ശേഷമാണ് തീ അണക്കുവാന്‍ കഴിഞ്ഞത്. ഇതിനിടെ 100,000 ഏക്കര്‍ വനപ്രദേശവും, അതിനു സമീപമുള്ള പന്ത്രണ്ടു റിസോര്‍ട്ടുകളും അഗ്നിക്കിരയായി കഴിഞ്ഞിരുന്നു. നൂറോളം വീടുകള്‍ ഭാഗീകമായി കത്തിയമരുകയും ചെയ്തു. തീ അണക്കുന്നതിനുള്ള ശ്രമത്തില്‍ അഗ്നി ശമന സേനാംഗങ്ങള്‍ക്കും പൊള്ളലേറ്റിരുന്നു.തീ ആളിപടരുന്നതിനിടെ എത്തിയ ഒരു യാത്രക്കാരന്‍ യുവാവിനെ അവിടെനിന്നും വാഹനത്തില്‍ കയറ്റി രക്ഷപ്പെടുത്തി.വാഹനത്തില്‍ ഇരുന്ന് താന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡ്രൈവറെ കാണിച്ചു കൊടുത്തായിരുന്നു യുവാവിനെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്.ആരംഭത്തില്‍ യുവാവ് കുറ്റം നിഷേധിച്ചുവെങ്കിലും പിന്നീടു കുറ്റസമ്മതം നടത്തിയെന്ന അറ്റോര്‍ണി ദേവ് സ്റ്റീവന്‍സന്‍ അറിയിച്ചു.നഷ്ടപരിഹാരമായി 60 മില്യണ്‍ നല്‍കണമെന്ന കോടതി വിധി യുവാവിനെ സംബന്ധിച്ചു അസാധ്യമാണെങ്കിലും, 20 വര്‍ഷം ജയിലില്‍ കഴിയേണ്ടിവരും.