സൈദ ഹമീദിന് ബ്രിട്ടന്‍ വിസ നിഷേധിച്ചു.

09:07 am 20/11/2016

download (1)
ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരിയും മൗലാനാ അബുല്‍ കലാം ആസാദിന്‍െറ ജീവചരിത്രകാരിയുമായ സൈദ ഹമീദിന് ബ്രിട്ടന്‍ വിസ നിഷേധിച്ചു. ലണ്ടനില്‍ നെഹ്റു സെന്‍ററില്‍ നടക്കുന്ന ആസാദ് അനുസ്മരണ ചടങ്ങില്‍ സംസാരിക്കാന്‍ പോകാനാണ് സൈദ ഹമീദ് വിസക്ക് അപേക്ഷിച്ചത്.

ബ്രിട്ടനിലെ എന്‍.ജി.ഒ ഇല്‍മി മജ്ലിസും ആസാദ് 1950ല്‍ സ്ഥാപിച്ച ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചറല്‍ റിലേഷന്‍സും സംയുക്തമായാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.

എന്നാല്‍, വിസ അഭിമുഖത്തിന് വിളിച്ച ഡല്‍ഹിയിലെ ബ്രിട്ടീഷ് എംബസി വിസ നിഷേധിച്ചുവെന്നാണ് അറിയിച്ചതെന്ന് സൈദ ഹമീദ് പറഞ്ഞു. കാരണം അറിയില്ലെന്നും എംബസി ഉദ്യോഗസ്ഥര്‍ പതിവില്‍നിന്ന് മാറി കുറെയേറെ ചോദ്യങ്ങള്‍ ചോദിച്ചിരുന്നുവെന്നും അവര്‍ തുടര്‍ന്നു. 2004 മുതല്‍ 2014 വരെ പ്ളാനിങ് കമീഷന്‍ അംഗമായിരുന്ന സൈദ ഹമീദ് 20ലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.