സൈന നെഹ്‍വാള്‍ തിരിച്ചെത്തുന്നു

10;02 am 18/9/2016
images (9)
ഒളിംപിക്‌സിനിടയില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാഡ്‍മിന്‍റണ്‍ താരം സൈന നെഹ് വാള്‍ അടുത്ത മാസം മത്സരത്തിലേക്ക് തിരിച്ചെത്തുമെന്ന് കോച്ച് വിമല്‍ കുമാര്‍. ആരാധകര്‍ സോഷ്യല്‍ മീഡിയിലൂടെ നടത്തിയ വിമര്‍ശനങ്ങള്‍ താരത്തെ വേദനിപ്പിച്ചെന്നും വരാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പാണ് സൈനയുടെ ലക്ഷ്യമെന്നും വിമല്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ലോക റാങ്കിംഗില്‍ മുന്‍നിരക്കാരിയായ സൈന നെഹ്‍വാള്‍ റിയോ ഒളിംപിക്‌സില്‍ ഗ്രൂപ്പ് ഘട്ടംപോലും കടക്കാതെ പുറത്തായിരുന്നു. കാല്‍മുട്ടിലെ പരുക്കുമായിറങ്ങിയ സൈന യുക്രൈന്‍ താരത്തോട് തോല്‍ക്കുകയായിരുന്നു. മത്സര ശേഷം ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്‍തു. ശസ്‌ത്രക്രിയ കഴിഞ്ഞ സൈന ആരോഗ്യവതിയായി തിരിച്ചുവരികയാണെന്ന് കോച്ച് വിമല്‍കുമാര്‍ പറഞ്ഞു.
സിന്ധു മെഡല്‍ നേടുകയും സൈന പുറത്താവുകയും ചെയ്‍തതിന് പിറകെ കളി നിര്‍ത്തി സൈന വീട്ടിലിരിക്കണമെന്നുപോലും ആക്ഷേപമുണ്ടായി. ഇത് താരത്തെ വേദനിപ്പിച്ചതായും കോച്ച് പറഞ്ഞു.
ഇന്ത്യന്‍ ബാഡ്‍മിന്‍റണ്‍ ലോക നിലവാരത്തിലാണിപ്പോഴുള്ളതെന്നും ഡെബിള്‍സ് മത്സരങ്ങളിലെ പോരായ്‍മയാണ് ഇനി പരിഹരിക്കേണ്ടതെന്നും വിമല്‍കുമാര്‍ വ്യക്തമാക്കി.