02/02/2016
ന്യൂഡല്‍ഹി: ഒട്ടേറെ വിവാദം സൃഷ്ടിച്ച ഹെലികോപ്ടര്‍ ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ തെളിവ് നല്‍കിയാല്‍ കടല്‍കൊല കേസ് പ്രതികളെ വിട്ടയക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം നല്‍കിയതായി വെളിപ്പെടുത്തല്‍. സോണിയക്കും കുടുംബത്തിനും പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ ഇറ്റലി കൈമാറിയാല്‍ നാവികരെ മോചിപ്പിക്കാമെന്ന മോദിയുെട വാഗ്ദാനം ബ്രിട്ടീഷ് ആയുധ ഏജന്റ് ക്രിസ്ത്യന്‍ മിഷേലാണ് പുറത്തുവിട്ടത്. 2012 ഫെബ്രുവരിയിലാണ് കേരള കടല്‍ തീരത്തുവെച്ച് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് മീന്‍പിടിത്തക്കാര്‍ കൊല്ലപ്പെട്ടത്.
ക്രിസ്ത്യന്‍ മിഷേല്‍ കടല്‍കൊല കേസ് കൈകാര്യം ചെയ്യുന്ന രാജ്യാന്തര കോടതിക്ക് 2015 ഡിസംബര്‍ 23ന് അയച്ച കത്തിലാണ് മോദിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതെന്ന് ദ് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ഹാംബര്‍ഗിലെ ഇന്റര്‍നാഷണല്‍ െ്രെടബ്യൂണല്‍ ഓഫ് ലോ ഓഫ് ദ് സീസ്, ഹേഗിലെ പെന്‍മെനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ എന്നിവക്കാണ് ക്രിസ്ത്യന്‍ മിഷേല്‍ വിവാദ കത്തുകള്‍ അയച്ചത്.
കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി മെറ്റിയോ റന്‍സിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തെളിവ് കൈമാറാന്‍ മോദി ആവശ്യപ്പെട്ടത്. യു.എന്‍ പൊതുസഭാ സമ്മേളനത്തിനിടെയാണ് ഇരു പ്രധാനമന്ത്രിമാര്‍ തമ്മില്‍ മുന്‍കൂട്ടി നിശ്ചയിക്കാത്ത കൂടിക്കാഴ്ച നടന്നത്. സോണിയയുടെ കുടുംബത്തിന് പങ്കുള്ള ഹെലികോപ്ടര്‍ ഇടപാടിലെ തെളിവുകള്‍ കൈമാറിയാല്‍ നാവികരെ വിട്ടയക്കുന്ന കാര്യത്തില്‍ ഇടപെടാമെന്ന് മോദി നിര്‍ദേശം വെച്ചതായും ക്രിസ്ത്യന്‍ മിഷേല്‍ കത്തില്‍ പറയുന്നു.
മോദിക്കെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും ഇതില്‍ ഉറച്ചു നില്‍ക്കുന്നതായും ക്രിസ്ത്യന്‍ മിഷേല്‍ ദുബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, മിഷേലിന്റെ ആരോപണം അപഹാസ്യമാണെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പ്രതികരിച്ചു.
2010ല്‍ ഇറ്റാലിയന്‍ ആയുധ കമ്പനി ഫിന്‍മെക്കാനിക്കയുടെ സഹസ്ഥാപനമായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍ നിന്ന് 12 ഹെലികോപ്ടറുകള്‍ വാങ്ങാന്‍ 3,600 കോടി രൂപയുടെ കരാറിലാണ് ഇന്ത്യ ഏര്‍പ്പെട്ടത്. ഇടപാട് നടത്താന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്പനി കൈക്കൂലി നല്‍കിയെന്ന് ഫിന്‍മെക്കാനിക്കയുടെ എക്‌സിക്യൂട്ടീവ് മൊഴി നല്‍കിയതായി ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചു.
ഇതേതുടര്‍ന്ന് 2013ല്‍ ഹെലികോപ്ടര്‍ കരാര്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി റദ്ദാക്കി. കൈക്കൂലി വാങ്ങിയവരുടെ പട്ടികയില്‍ മുന്‍ വ്യോമസേന മേധാവി എസ്.പി ത്യാഗിയുടെ പേരും ഉള്‍പ്പെട്ടിരുന്നു. ഹെലികോപ്ടര്‍ ഇടപാടില്‍ ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തേടിക്കൊണ്ടിരിക്കുന്ന ആളാണ് ബ്രിട്ടീഷ് ആയുധ ഏജന്റായ ക്രിസ്ത്യന്‍ മിഷേല്‍.