സോമര്‍സെറ്റ്­ സെന്റ് തോമസ് ദേവാലയത്തില്‍ മാതാവിന്റെ ജനന തിരുനാള്‍ ആഘോഷവും, ഗ്രോട്ടോ വെഞ്ചിരിപ്പും, കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിക്ക് സ്വീകരണവും

09:04 am 12/9/2016

– സെബാസ്റ്റ്യന്‍ ആന്റണി
Newsimg1_80898488
ന്യൂജേഴ്!സി: സീറോ മലബാര്‍ സഭയുടെ അഭിവന്ദ്യ പിതാവ് കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിക്ക് സെപ്­തംബര്‍ ഒമ്പതാം തിയതി വെളളിയാഴ്ച ന്യൂ ജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ്‌തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ വച്ച് ഇടവകസമൂഹം സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി.

സോമര്‍സെറ്റില്‍ പുതിയതായി നിര്‍മ്മിച്ച ദേവാലയത്തില്‍ ആദ്യമായി നടത്തിയ സന്ദര്‍ശനത്തോടനുബന്ധിച്ചായിരുന്നു സ്വീകരണ ചടങ്ങുകള്‍. വൈകീട്ട്­ ഏഴ് മണിക്ക് ആരംഭിച്ച ചടങ്ങുകള്‍ക്ക് ഇടവക സമൂഹത്തോടൊപ്പം വിവിധ ഇടവകകളില്‍ നിന്നായി നാന്നൂറിലധികം പേര്‍ സംബന്ധിച്ചു.

ഇന്നേ ദിവസം പരിശുദ്ധ മാതാവിന്‍റെ ജനന തിരുനാള്‍ ആഘോഷവും, ദേവാലയത്തിലെ പുതിയ ഗ്രോട്ടോയുടെ ആശീര്‍വ്വാദ കര്‍മ്മങ്ങളും ഭക്ത്യാദരപൂര്‍വം നടത്തപ്പെട്ടു.

വിശുദ്ധ ദിവ്യ ബലിക്ക് മുമ്പായി ഇടവക വികാരി ഫാ. തോമസ് കാടുകപ്പിള്ളില്‍ പിതാക്കന്മാരെയും, വൈദികരെയും, ഇടവക സമൂഹത്തേയും സ്വാഗതം ചെയ്തു സംസാരിച്ചു. ചിക്കാഗോ രൂപത മെത്രാന്‍ മാര്‍.ജോയ് ആലപ്പാട്ട് അഭിവന്ദ്യ പിതാവ് കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിയെ സ്വാഗതം ചെയ്യുകയും ആഘോഷ ചടങ്ങുകള്‍ക്ക് ആശംസ അര്‍പ്പിച്ചു സംസാരിക്കുകയും ചെയ്തു.

അഭിവന്ദ്യ പിതാവ് മാര്‍ ജോര്‍ജ് ആലഞ്ചേരി നയിച്ച ആഘോഷമായ ദിവ്യബലിയില്‍ ചിക്കാഗോ രൂപത മെത്രാന്‍ മാര്‍. ജോയ് ആലപ്പാട്ട്, ഇടവക വികാരി ഫാ. തോമസ് കാടുകപ്പിള്ളി, പാറ്റേഴ്‌സണ്‍ സെന്‍റ് ജോര്‍ജ് സീറോ മലബാര്‍ കാത്തോലിക് ദേവാലയ വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍, സ്റ്റാറ്റന്‍ ഐലന്‍ഡ് ബ്ലെസ്ഡ് കുഞ്ഞച്ചന്‍ സീറോ മലബാര്‍ കാത്തോലിക് മിഷന്‍ വികാരി ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍, ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. പീറ്റര്‍ അക്കനത്ത്­, ഫാ. പോളി തെക്കന്‍ എന്നിവര്‍ സഹകാര്‍മികരായി.

ദിവ്യബലി മധ്യേ അഭിവന്ദ്യ പിതാവ് മാര്‍ ജോര്‍ജ് ആലഞ്ചേരി തിരുനാള്‍ സന്ദേശം നല്‍കുകയും ഇടവകസമൂഹത്തെയും, ഇടവകക്ക് ആത്­മീയ നേതൃത്വം നല്‍കുന്ന ഫാ. തോമസ് കാടുകപ്പിള്ളിയെയും പ്രത്യേകം അഭിന്ദിച്ചു.

ദിവ്യ ബലിക്ക് ശേഷം അഭിവന്ദ്യ പിതാവ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുതിയ അധ്യയന വര്‍ഷത്തെ വിശ്വാസ പരിശീലന ക്ലസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും അവരെ ആശീര്‍വദിക്കുകയും ചെയ്­തു.തുടര്‍ന്ന് പുതുതായി നിമ്മിച്ച ഗ്രോട്ടോയുടെ ആശീര്‍വാദ തിരുക്കര്‍മ്മങ്ങള്‍ ഗ്രോട്ടോയില്‍ വച്ച് നടന്നു.

ഇടവകയിലെ ഭക്ത സംഘടനകളായ ജോസഫ് ഫാതേഷ്‌­സും, മരിയന്‍ മതേഷ്‌­സും, യുവജനങ്ങളും ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇടവകയിലെ ഗായകസംഘം ശ്രുതി മധുരമായ ഗാനങ്ങളാല്‍ തിരുക്കര്‍മ്മങ്ങള്‍ കൂടുതല്‍ ഭക്തി സാന്ദ്രമാക്കി.

മാതാവിന്റെ ജന്മദിന തിരുനാള്‍ ആഘോഷങ്ങളിലും, ശ്രേഷ്ഠ മെത്രാപ്പോലീത്ത കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിയുടെ സ്വീകരണ പരിപാടികളിലും ഭക്തി പൂര്‍വ്വം പങ്കെടുത്ത എല്ലാ ഇടവകാംഗങ്ങളെയും വികാരി ഫാ. തോമസ് കാടുകപ്പിള്ളി പ്രത്യേകം അഭിന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

ഇടവക ട്രസ്ടിമാരെ പ്രതിനിധീകരിച്ചു മിനേഷ് ജോസഫ് (ട്രസ്റ്റി) എല്ലാ വിശിഷ്ടാതിഥികള്‍ക്കും,ഇടവക സമൂഹത്തിനും നന്ദി പറഞ്ഞു. സ്‌നേഹ വിരുന്നോടെ ആഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ചു.

അഭിവന്ദ്യ പിതാവ് കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിയുടെ സ്വീകരണ ചടങ്ങുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ക്കായി ലിങ്കില്‍ ക്ലിക് ചെയ്യുക. http://www.indusphotography.com/alencherry/

വെബ്­: www. st.thomassyronj.org