സോമര്‍സെറ്റ്­ സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ പിതൃദിനാഘോഷം നടത്തി –

11:36am 23/6/2016

സെബാസ്‌ററ്യന്‍ ആന്റണി
Newsimg1_78500838
സോമര്‍സെറ്റ്: അമ്മമാരുടെ സ്‌­നേഹത്തിനും സാന്ത്വനത്തിനും പരിലാളനയ്ക്കും വാത്സല്യത്തിനും നന്ദി സൂചകമായി മദേഴ്‌­സ് ഡേ ആഘോഷിക്കുമ്പോള്‍ നമ്മെ സുരക്ഷിതത്വത്തിന്റെ തണലില്‍ ചേര്‍ത്തുവെയ്ക്കുന്ന അച്ഛന്മാരെ ആദരിക്കാനും ഒരു ദിനം മാറ്റിവെച്ചു. അതാണ് ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ഫാദേഴ്‌­സ് ഡേയായി ലോകം ആചരിക്കുന്നത്.

ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ്­ സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ പിതൃദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇടവകയിലെ മരിയന്‍ മതേഴ്‌സും, യുവജനങ്ങളും ചേര്‍ന്ന് ആഘോഷപരിപാടികള്‍ക്ക്­ നേതൃത്വം നല്‍കി. ജൂണ്‍ 19ന്­ ഞായറാഴ്ച ഫാ.ഫിലിപ്പ് വടക്കേക്കരയുടെ മുഖ്യ കാര്‍മികത്വത്തിലുള്ള ദിവ്യബലിയോടെ ആഘോഷപരിപാടികള്‍ക്ക്­ തുടക്കം കുറിച്ചു. ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍ സഹകാര്‍മികത്വം വഹിച്ചു. ദിവ്യബലിയില്‍ നല്‍കിയ അനുഗ്രഹ പ്രഭാഷണത്തില്‍ പിതാക്കന്മാരുടെ കര്‍മ്മമണ്­ഡലത്തെപ്പറ്റിയും, ഉത്തരവാദിത്വപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളെപ്പറ്റിയും സംസാരിച്ചു.

തലമുറകളുടെ പുണ്യംനുകരാനും പിതൃത്വത്തിന്റെ മഹനീയത കാത്തുപാലിക്കാനും പിതൃദിനാഘോഷങ്ങളിലൂടെ സാധിക്കുമെന്ന് സന്ദേശത്തില്‍ പറഞ്ഞു.
കുടുംബബന്ധങ്ങള്‍ക്ക് ദൃഢത പകരാനും അതിലൂടെ കുടുംബ­- സാമൂഹ്യ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും പിതാക്കന്മാര്‍ക്ക് കഴിയുന്നതിലൂടെ പിതൃദിനാചരണം അര്‍ത്ഥവത്താകുമെന്നും കൂട്ടിച്ചേര്‍ത്തു.

പൂര്‍വ്വ പിതാക്കന്മാര്‍ ഒത്തിരി യാതനകളിലൂടെയും കഷ്ടപ്പാടുകളിലൂടേയും തങ്ങളുടെ ജിവിതം ഒരു മെഴുതിരിപോലെ ഉരുകി തങ്ങളുടെ മക്കളിലൂടെ വരും തലമുറകള്‍ക്കു പ്രകാശമായി മാറ്റി ഈലോകത്തു നിന്നും കടന്നു പോയവരെ ഓര്‍മ്മിച്ചു കൊണ്ട് ഇടവക വികാരി തന്‍റെ സന്ദേശം പിതാക്കന്മാരുമായി പങ്കു വെച്ചു. ദിവ്യബലിക്ക് ശേഷം പിതാക്കന്മാരെ അനുമോദിച്ചുകൊണ്ട് കുട്ടികളുടെ പ്രതിനിധിയായി ജോസഫ് ചിറയില്‍ സംസാരിച്ചു. “സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍ അച്ഛനെയാണെനിക്കിഷ്ടം… ഞാനൊന്നു ..’ എന്ന മനോഹരഗാനം ദേവാലയത്തിലെ ഗായക സംഘം പിതാക്കന്മാര്‍ക്കായി ഹൃദ്യമായി ആലപിച്ചു. സ്‌നേഹവിരുന്നോടെ പിതൃദിനാഘോഷ പരിപാടികള്‍ സമാപിച്ചു.

ചരിത്രത്തിലൂടെ:

1909ലാണ് ഫാദേഴ്‌­സ് ഡേയുടെ വിനീതമായ തുടക്കത്തിന് സാക്ഷ്യം കുറിച്ചത്. അമേരിക്കയില്‍ വാഷിംഗ്ടണ്‍ സംസ്ഥാനത്തുള്ള സ്‌­പൊക്കേന്‍ പട്ടണത്തിലെ ഒരു മെത്തഡിസ്റ്റ് എപ്പിസ്‌­കോപ്പല്‍ പള്ളിയില്‍ മദേഴ്‌­സ് ഡേ പ്രസംഗം കേട്ട് പ്രചോദനം കിട്ടിയ സൊനോറ സ്മാര്‍ട്ട് ഡോഡ്ഡ് എന്ന സ്ത്രീക്ക് അവളുടെ പിതാവ് വില്യം ജാക്‌­സണ്‍ സ്മാര്‍ട്ടിനായി ഒരു പ്രത്യേക ദിവസം സമര്‍പ്പിക്കണമെന്നും, പിതാവിനെ ആദരിക്കണമെന്നും കടുത്ത ആഗ്രഹം തോന്നി. ഭാര്യയുടെ മരണശേഷം സൊനോറയേയും, സഹോദങ്ങളേയും വളരെ ബുദ്ധിമുട്ടിയാണ് വില്യം വളര്‍ത്തിക്കൊണ്ടുവന്നത്. സ്വന്തം പിതാവ് എത്രമാത്രം ത്യാഗം സഹിച്ചാണ് തന്നെയും സഹോദരങ്ങളേയും പരിപാലിച്ചതെന്ന് സൊനോറ ഓര്‍ത്തു. പിതാവിന്റെ മഹത്വത്തിനും, ധൈര്യത്തിനും, പരിത്യാഗത്തിനും, നിസ്വാര്‍ത്ഥതയ്ക്കും എല്ലാറ്റിനുമുപരി അളവറ്റ സ്‌­നേഹത്തിനും പ്രത്യുപകാരമെന്നോണം 1910 ജൂണ്‍ മാസം പത്തൊമ്പതാം തീയതി, തന്റെ പിതാവിന്റെ പിറന്നാള്‍ തന്നെ, സൊനോറ ആദ്യത്തെ ഫാദേഴ്‌­സ് ഡേ ആഘോഷിച്ചു.

ഫാദേഴ്‌­സ് ഡേ ആഘോഷം ഒരു ഔദ്യോഗിക ആചരണമാക്കുവാന്‍ സൊനോറ അധികാരികളോടും അഭ്യര്‍ത്ഥിച്ചെങ്കിലും പരിഹാസമായിരുന്നു സൊനോറയ്ക്ക് കേള്‍ക്കേണ്ടി വന്നത്. 1913ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന വുഡ്രോ വില്‍സണ്‍ ഔദ്യോഗികമായി ഫാദേഴ്‌­സ് ഡേയ്ക്ക് അനുമതി നല്‍കിയെങ്കിലും മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷമാണ് അമേരിക്കന്‍ കോണ്‍ഗ്രസ് ഇതിനു അംഗീകാരം നല്‍കിയത്. പിന്നീട് 1972ല്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌­സണ്‍, വര്‍ഷംതോറും ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ഫാദേഴ്‌­സ് ഡേ ആയി അംഗീകരിച്ചുകൊണ്ട് പ്രഖ്യാപനമിറക്കി. സെബാസ്‌ററ്യന്‍ ആന്റണി അറിയിച്ചതാണിത്.