സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ മാതാവിന്റെ വണക്കമാസ സമാപന തിരുനാള്‍ ആഘോഷിച്ചു

1:07pm 2/6/2016
– സെബാസ്റ്റ്യന്‍ ആന്റണി
Newsimg1_9780985
“ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു” (ലൂക്കാ 1:30).

ന്യൂജേഴ്‌­സി : സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവകയിലെ വിവിധ കുടുംബ യുണിറ്റുകളുടെ നേതൃത്വത്തില്‍ മെയ് 22 മുതല്‍ തുടര്‍ന്നു പോന്ന വണക്കമാസ ആചരണ ത്തിന് മെയ് 31 നു ആഘോഷമായ സമാപനം കുറിച്ചു.

കത്തോലിക്കാ സഭ,ആഗോള വ്യാപകമായി,മെയ് മാസം, മാതൃ ഭക്തിയും പരിശുദ്ധ അമ്മയോടുള്ള സ്‌­നേഹവും,വിശ്വാസവും,സ്തുതിയും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഭവനങ്ങളും, ഇടവകകളും, ദേവാലയങ്ങളും,തീര്‍ത്ഥാടന കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് മാതൃ വണക്കത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ അനുവര്‍ത്തിച്ചു വരുന്നു.

ചൊവ്വാഴ്ച വൈകിട്ട് 7.30ന് ആഘോഷമായ വിശുദ്ധബലിയോടെ സോമര്‍സെറ്റ്­ ഫൊറോനാ ദേവാലയത്തിലെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു . പാലാ സാന്ത്വന കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ ഫാ. മാത്യു പന്തലാനിക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാദര്‍ ഫിലിപ്പ് വടക്കേക്കര സഹകാര്‍മികത്വം വഹിച്ചു.

ആഘോഷമായ ദിവ്യ ബലിയെ തുടര്‍ന്നു വണക്കമാസ പ്രാര്‍ത്ഥന , ലദ്ദീഞ്ഞും നടന്നു. ഇതേ തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം പള്ളിയങ്കണത്തില്‍ നടത്തപ്പെട്ടു . തിരുനാള്‍ പ്രദക്ഷിണം ദേവാലയത്തില്‍ തിരിച്ചെത്തിയ ശേഷം തിരുസ്വരൂപവണക്കവും, നേര്‍ച്ച കാഴ്ച സമര്‍പ്പണവും നടന്നു. ദേവാലയത്തിലെ ഗായക സംഘം ആലപിച്ച ഗാനങ്ങള്‍ തിരുനാള്‍ ആഘോഷങ്ങള്‍ കൂടുതല്‍ ഭക്തി സാന്ദ്രമാക്കി. സ്‌­നേഹവിരുന്നോടെ പത്തു ദിവസം നീണ്ടുനിന്ന വണക്കമാസ ആചരണത്തിന് സമാപനം കുറിച്ചു.

ഈ വര്‍ഷത്തെ വണക്കമാസ പ്രാര്‍ത്ഥകളും, തിരുനാളും കോര്‍ഡിനേറ്റ് ചെയ്തത് ട്രസ്ടി കൂടിയായ മേരിദാസന്‍ തോമസ് ആയിരുന്നു.

ട്രസ്ടിമാരായ ടോം പെരുംപായില്‍, തോമസ് ചെറിയാന്‍ പടവില്‍, മിനേഷ് ജോസഫ് എന്നിവര്‍ വണക്ക മാസ സമാപന ആഘോഷത്തിന് നേതൃത്വം നല്കി.

web: www.stthomassyronj.org