സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കോടതി വിധി

10.20 Pm 24/10/2016
Chandy_1606564f_2655211f
ബംഗളൂരു : സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ബംഗളുരു കോടതി വിധി. സോളാര്‍ പവര്‍ പ്രോജക്ട് തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് ബംഗളുരു വ്യവസായിയില്‍ പണം തട്ടിയ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ ഒരു കോടി അറുപത് ലക്ഷത്തി എണ്‍പത്തിഅയ്യായിരത്തി എഴുന്നൂറ് രൂപ പരാതിക്കാരന് തിരിച്ചുനല്‍കണമെന്ന് ബംഗളുരു കോടതി ഉത്തരവിട്ടു. കേസില്‍ അ!ഞ്ചാം പ്രതിയാണ് ഉമ്മന്‍ചാണ്ടി.
സോളാര്‍ പവര്‍ പ്രോജക്ട് തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് ഒരു കോടി മുപ്പത്തിയയ്യായിരം രൂപയാണ് രണ്ടായിരത്തി പതിനൊന്നിലും പന്ത്രണ്ടിലുമായി പ്രതികള്‍ ബംഗളുരു വ്യവസായിയായ എംകെ കുരുവിളയില്‍ നിന്ന് വാങ്ങിയത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ബന്ധുവെന്ന് പരിചയപ്പെടുത്തിയ ആന്‍ഡ്രൂസും പ്രൈവറ്റ് സെക്രട്ടറിയെന്ന പേരില്‍ ഡെല്‍ജിതും സോസ കണ്‍സള്‍ട്ടന്റ് പ്രൈവറ്റ് ലിമിറ്റജ് എംഡിയായ ബിനു നായര്‍ എന്നിവരാണ് കുരുവിളയില്‍ നിന്ന് പണം തട്ടിയത്.
ആന്‍ഡ്രൂസിനോടൊപ്പം ദില്ലിയിലെത്തി ഉമ്മന്‍ചാണ്ടിയെ നേരിട്ട് കണ്ടതിന് ശേഷമാണ് കുരുവിള പണം നല്‍കിയത്.. പ്രോജക്ട് നല്‍കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും നടപടിയൊന്നുമുണ്ടാകാത്തതിനാല്‍ കുരുവിശള കോടതിയെ സമീപിക്കുകയായിരുന്നു.
ഹര്‍ജിയില്‍ വിശദമായി വാദം കേട്ട ബംഗളുരു അഡീഷണല്‍ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് ജഡ്ജ് എന്‍ആര്‍ ചെന്നകേശവ അഞ്ചാം പ്രതി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ പണത്തിന്റെ പതിനെട്ട് ശതമാനം പലിശയടക്കം ഒരു കോടി അറുപത് ലക്ഷത്തി എണ്‍പത്തിഅയ്യായിരത്തി എഴുന്നൂറ് രൂപയും കോടതി ചെലവും നല്‍കണമെന്നും കുരുവിളക്ക് നല്‍കണമെന്നും വിധിച്ചു.
മൂന്ന് മാസത്തിനകം പ്രതികള്‍ പണം നല്‍കിയില്ലെങ്കില്‍ പ്രതികളുടെ വസ്തുക്കള്‍ കണ്ടുകെട്ടണമെന്നും കോടതി ഉത്തരവിട്ടു. കോടതി വിധി പറയുന്നത് കേള്‍ക്കാന്‍ പ്രതികളാരും ഹാജരായിരുന്നില്ല.