തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ്സ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍ തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍നിന്ന് മൊഴിയെടുക്കും. മുഖ്യമന്ത്രിയുടെ സൗകര്യാര്‍ഥം തിരുവനന്തപുരം തൈക്കാട് ഗെസ്റ്റ് ഹൗസില്‍ രാവിലെ 11നാണ് മൊഴിയെടുപ്പ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് ജുഡീഷ്യല്‍ അന്വേഷണ കമീഷന് മുന്നില്‍ ഹാജരാകേണ്ടിവരുന്നത്.
സോളാര്‍ കേസില്‍ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ നേരിടേണ്ടി വന്നത് മുഖ്യമന്ത്രിയുടെ ഓഫിസിനാണ്. ഈ ആരോപണങ്ങളില്‍ തന്റെ ഭാഗം പറയാനുള്ള അവസരമാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴുണ്ടായിരിക്കുന്നത്. സോളാര്‍ ആരോപണങ്ങള്‍ക്കെതിരെയുള്ള പ്രതിപക്ഷ സമരങ്ങളെ പ്രതിരോധിക്കാനാണ് ഒരു വര്‍ഷം മുമ്പ് പ്രത്യേക സോളാര്‍ അന്വേഷണ കമീഷനെ സര്‍ക്കാര്‍ നിയമിക്കുന്നത്. സോളാര്‍ കേസില്‍ പ്രധാന പ്രതിയായ ബിജു രാധാകൃഷ്ണന്റെയും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെയും മൊഴികള്‍ എതിരായതോടെയാണ് മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്താന്‍ കമീഷന്‍ നിര്‍ബന്ധിതമായത്.