സോളാര്‍ തട്ടിപ്പ് കേസിലേക്ക് തന്നെ വലിച്ചിഴക്കാന്‍ സരിതയെ പ്രരിപ്പിച്ചത് കെ.ബി ഗണേഷ് കുമാറാണെന്ന് ഷിബു ബേബി ജോണ്‍

12.45 AM 15-06-2016
shibu-baby-john-1
സോളാര്‍ തട്ടിപ്പ് കേസിലേക്ക് തന്നെ വലിച്ചിഴക്കാന്‍ സരിതയെ പ്രരിപ്പിച്ചത് മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാറാണെന്ന് മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. ഇതില്‍ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. താന്‍ സരിതയെ നേരിട്ട് കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. ടീം സോളാറിന്റെ യാതൊരു പരിപാടിയിലും സംബന്ധിച്ചിട്ടുമില്ല. സരിത തന്നെ വിളിച്ചതായും ഓര്‍ക്കുന്നില്ല. സരിത തന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതായി ചില ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍നിന്നും മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കമ്മീഷന്‍ തെളിവായി കാണിച്ച കാള്‍ ലിസ്റ്റില്‍ നാലു തവണ മാത്രമാണ് സരിത തന്നെ വിളിച്ചതായി രേഖപ്പെടുത്തിയിട്ടുളളത്. ഒരു തവണ സരിത അവരുടെ ബന്ധുവിന്റെ ഫോണില്‍നിന്നും തന്നെ വിളിച്ചിരുന്നു. പക്ഷെ തിരികെ വിളിച്ചിട്ടില്ല. അതേസമയം തനിക്കെതിരെ സരിത ആരോപണം ഉന്നയിക്കുന്നതിന് തൊട്ടുമുമ്പ് ഗണേഷ് കുമാര്‍ നിയമസഭയ്ക്കുളളില്‍ വെച്ച് തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടാഴ്ചയ്ക്കുളളില്‍ തന്റെ മന്ത്രിയെ എന്റെ കാല്‍ചുവട്ടിലെത്തിക്കുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നതായി ഷിബു ബേബിജോണ്‍ സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. ഗണേഷ് കുമാറിന്റെ കുടുംബ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനായി താന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതാണ് ശത്രുതയ്ക്ക് കാരണമെന്ന് കരുതുന്നു. യാമിനിയുടെ ജീവിതം തകര്‍ത്ത സ്ത്രീകളുടെ കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്നുക്കേട്ട പേരാണ് സരിതയുടെത്. ഇതിനെതിനെതിരെ താന്‍ എടുത്ത നിലപാടുകളാണ് ഗണേഷിനെ ചൊടിപ്പിച്ചിട്ടുളളത്. ഇതെ തുടര്‍ന്നാണ് ഗണേഷ് തനിക്കെതിരെ കരുക്കള്‍ നീക്കിതുടങ്ങിയത്. ഗണേഷിന്റെ നിര്‍ദേശ പ്രകാരം തന്നെ കുരുക്കാന്‍ സോളാര്‍ കേസിലെ മറ്റൊരു പ്രതി ബിജു രാധാകൃഷ്ണനെ സരിത കൂട്ടുപിടിക്കുകയും ചെയ്തു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ബിജു മുവാറ്റുപ്പുഴ കോടിതിയില്‍ വിചാരണയ്‌ക്കെത്തിയപ്പോള്‍ മുന്‍നിശ്ചയ പ്രകാരം സരിത ബിജുവിനോട് തന്റെ പേരുക്കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ഷിബു പറഞ്ഞു. മന്ത്രി അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ എന്നിവര്‍ക്കൊപ്പമാണ് ബിജു ഷിബു ബേബിജോണിന്റെ പേരും ചേര്‍ത്തു പറഞ്ഞത്. അശ്ലീല ദൃശ്യങ്ങളില്‍ തന്നെയും ഉള്‍പ്പെടുത്തി ബിജു സോളാര്‍ കമ്മീഷനു മുമ്പാകെ പറഞ്ഞ മൊഴി പിന്നീട് മാറ്റി പറയുകയും ചെയ്തിട്ടുണ്ട്. സരിതയുടെ നിര്‍ദേശ പ്രകാരമാണ് താന്‍ ഷിബുവിനെതിരെ കമ്മീഷനു മുമ്പാകെ മൊഴി നല്‍കിയതെന്നും തനിക്ക് മാപ്പ് നല്‍കണമെന്ന് അറിയിച്ച് ബിജു കത്ത് നല്‍കിയതായും ഷിബു കമ്മീഷനെ അറിയിച്ചു. ബിജു എഴുതി കത്ത് കമ്മീഷന് തെളിവായി സമര്‍പ്പിക്കാമെന്ന് ഷിബു അഭിഭാഷകന്‍ മുഖേന അറിയിച്ചിട്ടുണ്ട്. ടെനി ജോപ്പനെയും ജിക്കുവിനെയും തനിക്കറിയാം. പക്ഷെ ഫോണില്‍ വിളിച്ചിട്ടില്ല. മുഖ്യമന്ത്രിയെ അത്യാവശ്യമായി ബന്ധപ്പെടാന്‍ ആര്‍ കെ എന്നു വിളിക്കുന്ന പ്രൈവറ്റ് സെക്രട്ടറിയെയാണ് ആശ്രയിച്ചിരുന്നതെന്നും ഷിബു ബേബിജോണ്‍ കമ്മീഷന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടും ബിജുവിനെതിരെ നിയമ നടപടിക്ക് പോകാതിരുന്നത് ഭാര്യയെ കൊലപ്പെടുത്തിയതിന്റെ പേരില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആളായതുക്കൊണ്ടാണ്. ഇതിലും വലിയ ശിക്ഷ അയാള്‍ക്ക് വേറെ ലഭിക്കാനില്ല. അതേസമയം സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം തന്നെ ഇതുവരെയും സമീപിച്ചിട്ടില്ല. സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് കേസ് അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ചാതാണ് കമ്മീഷനുമായി ഇടത് മുന്നണി സഹകരിക്കാതിരുന്നതെന്നും ചോദ്യത്തിന് മറുപടിയായി ഷിബു ബേബിജോണ്‍ പറഞ്ഞു.