സ്കോഡ റാപ്പിഡ് ഫേസ്ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ

01.57 AM 04/11/2016
rapid_0311
ന്യൂഡൽഹി: സ്കോഡ റാപ്പിഡിന്റെ നവീകരിച്ച പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി. 2016 റാപ്പിഡ് ഫേസ്ലിഫ്റ്റ് എന്ന പേരിൽ പുറത്തിറങ്ങിയിരിക്കുന്ന മോഡലിൽ, ആക്ടീവ്, അംബീഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്നു വേരിയന്റുകളാണ് ലഭ്യമാകുന്നത്. പെട്രോൾ, ഡീസൽ വേരിയന്റുകളിൽ എത്തിയിട്ടുള്ള റാപ്പിഡിന് ഡൽഹി എക്സ്ഷോറൂം 8.27–11.36 ലക്ഷം, 9.48–12.67 ലക്ഷം എന്ന യഥാക്രമത്തിലാണ് വില.

2011ൽ റാപ്പിഡ് പുറത്തിറക്കിയശേഷം ഏറ്റവും മെച്ചപ്പെട്ട മാറ്റം വരുത്തിയാണ് ഇപ്പോൾ ഫേസ്ലിഫ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. 1.6 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എൻജിൻ എന്നിവയാണ് ഫേസ്ലിഫ്റ്റിന് കരുത്തേകുന്നത്. 103 ബിഎച്ച്പിയും 153 എൻഎം ടോർക്കുമാണ് റാപ്പിഡിലുള്ള പെട്രോൾ എൻജിൻ ഉല്പാദിപ്പിക്കുന്നത്. മാനുവൽ ഗിയർബോക്സുള്ള പെട്രോൾ എൻജിൻ 15.41 കിലോമീറ്ററും ഓട്ടോമാറ്റിക് എൻജിൻ 14.84 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു.

റാപ്പിഡിന്റെ ഡിസൈനിലും നിർമാതാക്കൾ മാറ്റം വരുത്തിയിട്ടുണ്ട്. വലുപ്പമേറിയ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രില്ലാണ് മുൻവശത്തെ മുഖ്യ ആകർഷണങ്ങളിലൊന്ന്. പുതുക്കിയ ബംബർ, ആൻഗുലാർ ഹെഡ്ലാമ്പ്, ഡേടൈം റണ്ണിംഗ് ലാമ്പ് എന്നിവയാണ് മറ്റ് സവിശേഷതകൾ. ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായ് വെർണ, ഉടൻ പുറത്തിറങ്ങുന്ന ഫോക്സ്വാഗൻ വെന്റോയുടെ പുതിയ മോഡൽ എന്നിവയോടാണ് റാപ്പിഡ് ഫേസ്ലിഫ്റ്റ് നിരത്തിൽ മത്സരിക്കുന്നത്.