സ്ത്രീയുടെ വയറ്റിനുള്ളില്‍ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ചു

08:40 pm 19/8/2016
download (5)
തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ സ്ത്രീയുടെ വയറ്റിനുള്ളില്‍ ഡോക്ടര്‍മാര്‍ മറന്നുവച്ച ഉപകരണം വീണ്ടും ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. തൊളിക്കോട് കുന്നിന്‍പുറത്ത് സ്വദേശിനി ലൈല ബീവി (45)യുടെ വയറ്റില്‍നിന്നാണ് ശസ്ത്രക്രിയ ഉപകരണം പുറത്തെടുത്തത്. ഗര്‍ഭപാത്രം നീക്കംചെയ്യല്‍ ശസ്ത്രക്രിയക്കു ശേഷം തുന്നിക്കൂട്ടലിനിടയില്‍ ശസ്ത്രക്രിയക്ക് ഉപയോഗിച്ച ‘റേഡിയോ ഒപെക് ക്ലിപ്’ ലൈല ബീവിയുടെ വയറ്റില്‍ ഡോക്ടര്‍മാര്‍ മറന്നു വെയ്ക്കുകയായിരുന്നു. ശസ്ത്രക്രിയക്കിടയില്‍ ഗര്‍ഭപാത്രത്തെ സ്ഥിരമായി പിടിച്ചു നിര്‍ത്താന്‍ സഹായിക്കുന്നതാണ് ഇത്തരം ക്ലിപ്പുകള്‍.

കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് നെടുമങ്ങാട് ആശുപത്രിയില്‍ ലൈല ബീവിയെ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പത്തിന് ലൈല ബീവിയെ ശസ്ത്രക്രിയക്കു വിധേയയാക്കുകയും ചെയ്തു. എന്നാല്‍ ശസ്ത്രക്രിയക്കു ശേഷം ടവല്‍ ക്ലിപ്പില്‍ ഒരെണ്ണം കുറവ് വന്നതായി കണ്‌ടെത്തി. ഇതിനെ തുടര്‍ന്ന് ലൈല ബീവിയെ അടിയന്തര എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയയാക്കി. ഈ പരിശോധനയില്‍ ഉപകരണം വയറ്റിലുണ്‌ടെന്നു കണ്‌ടെത്തി. എന്നാല്‍ ഉപകരണം വയറ്റിലുണെ്ടന്ന് മനസിലായതോടെ എക്‌സ് റേ പുറത്തുകാണിക്കാതെ രോഗിയെ അടിയന്തരമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

രാത്രി പത്തോടെ ലൈല ബീവിയെ വീണ്ടും ശസ്ത്രക്രിയക്കു വിധേയയാക്കി. അടിയന്തര ശസ്ത്രക്രിയയിലൂടെ ശസ്ത്രക്രിയ ഉപകരണത്തിന്റെ ഭാഗം നീക്കം ചെയ്തു. അപകടനില തരണം ചെയ്ത ലൈലാ ബീവി ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു.