സ്ത്രീ പ്രവേശാവകാശം: ഇനി ശബരിമലയെന്ന് തൃപ്തി ദേശായി

11:57 PM 28/08/2016
images (2)
മുംബൈ: ആരാധനാലയങ്ങളിലെ സ്ത്രീപ്രവേശാവകാശത്തിനായി പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്രയിലെ സന്നദ്ധ സംഘടന ഭൂമാതാ ബ്രിഗേഡിന്‍െറ അടുത്തലക്ഷ്യം ശബരിമല. മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന ബോംബെ ഹൈകോടതി വിധിയെ തുടര്‍ന്ന് ഞായറാഴ്ച ദര്‍ഗ സന്ദര്‍ശിക്കാനത്തെിയ ഭൂമാതാ ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായിയാണ് ഇക്കാര്യം അറിയിച്ചത്. ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശം അനുവദിക്കണമെന്ന് നേരത്തേ അധികൃതര്‍ക്ക് കത്തെഴുതിയതായി ഇവര്‍ പറഞ്ഞിരുന്നു. തങ്ങളുടെ സമരം മതങ്ങള്‍ക്ക് എതിരെയല്ല, ലിംഗ വിവേചനത്തിന് എതിരാണെന്ന് തൃപ്തി ദേശായി പറഞ്ഞു.
വെള്ളിയാഴ്ചയാണ് ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്കും പ്രവേശാവകാശമുണ്ടെന്ന് ബോംബെ ഹൈകോടതി വിധിച്ചത്. ഭാരതീയ മുസ്ലിം മഹിളാ ആന്തോളന്‍ നല്‍കിയ ഹരജിയിലായിരുന്നു വിധി. ദര്‍ഗാ ട്രസ്റ്റിന്‍െറ അപേക്ഷ പ്രകാരം അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒന്നരമാസം സമയം അനുവദിച്ച കോടതി അതുവരെ വിധി മരവിപ്പിച്ചിട്ടുണ്ട്.
കോടതി വിധിയെ തുടര്‍ന്ന് ഞായറാഴ്ചയാണ് അനുയായികള്‍ക്കൊപ്പം തൃപ്തി ദേശായി ഹാജി അലി ദര്‍ഗയില്‍ എത്തിയത്. ദര്‍ഗ സന്ദര്‍ശിക്കുന്നതില്‍നിന്ന് തങ്ങളെ ആരും തടഞ്ഞില്ളെന്നും അവിടെ ഉണ്ടായിരുന്ന മുസ്ലിം സ്ത്രീകള്‍ തങ്ങളെ പിന്തുണച്ചെന്നും തൃപ്തി പറഞ്ഞു. കോടതി വിധിയെ മാനിക്കണമെന്ന് ട്രസ്റ്റ് അംഗങ്ങളോട് അപേക്ഷിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ അഹ്മദ്നഗറിലുള്ള ശനി ശിങ്ക്നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശാവകാശം ആവശ്യപ്പെട്ട് സമരം നടത്തിയതോടെയാണ് തൃപ്തി ദേശായി ശ്രദ്ധ നേടിയത്.