സ്ഥാനമാനങ്ങള്‍ക്ക് പുറകേ പോകുന്നയാളല്ല താനെന്ന് : വി.എസ്

03:04pm. 21/5/2016
images (4)
തിരുവനന്തപുരം: പാര്‍ട്ടിയേയോ മുന്നണിയേയോ പ്രതിസന്ധിയിലാക്കാതെ മുന്നോട്ടുപോകുമെന്ന സൂചനയുമായി വി.എസ് അച്യുതാനന്ദന്‍. എന്നാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടും. ഇടതുപക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളുടെ കാവലാളായി തുടരുമെന്നും പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി.എസ് പറഞ്ഞു. എല്ലാവര്‍ക്കും ‘ഗുഡ് ബൈ’ പറഞ്ഞാണ് വി.എസ് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.
വി.എസ് മുഖ്യമന്ത്രിയാകുമെന്നാണല്ലോ ജനം ആഗ്രഹിച്ചത്, സര്‍ക്കാരില്‍ എന്തെങ്കിലും സ്ഥാനമാനങ്ങള്‍ കാണുമോ എന്നീ ചോദ്യങ്ങള്‍ക്ക് ‘ഏതെങ്കിലും സ്ഥാനമാനങ്ങള്‍ക്ക് പുറകേ പോകുന്നയാളല്ല താനെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ’ എന്നായിരുന്നു മറുപടി. പിണറായിയെ മുഖ്യമന്ത്രിയാക്കുന്നതിനു പകരം പാര്‍ട്ടി മുന്നോട്ടുവച്ച ബദല്‍ നിര്‍ദേശം തള്ളിയെന്ന സൂചനയുമാണ് വി.എസ് നല്‍കിയത്. പ്രായവും ആരോഗ്യ പ്രശ്‌നങ്ങളും മൂലമാണോ മുഖ്യമന്ത്രിയാക്കാത്തത് എന്ന ചോദ്യത്തിന് അതിന് മറുപടി പറയേണ്ട കാര്യമില്ല. സ്ഥാനമാനങ്ങള്‍ ഒന്നും താന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് നിങ്ങള്‍ക്ക് അറിയാം. തന്റെ മുഖ്യമന്ത്രി സ്ഥാനം ഇപ്പോള്‍ ചര്‍ച്ചാവിഷയമല്ല. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുകയാണ്. അതില്‍ നന്ദി പറയുകയാണ്. കൂടുതല്‍ ഒന്നും പറയാനില്ലെന്നും വി.എസ് പറഞ്ഞു.
പാര്‍ട്ടി ഘടകത്തില്‍ വി.എസിന്റെ സ്ഥാനമെന്താണെന്ന മാധ്യമപ്രവര്‍ത്തന്റെ ചോദ്യത്തിന് താന്‍ കേന്ദ്രകമ്മിറ്റിയില്‍ അംഗമാണെന്നാണയിരുന്നു മറുപടി. പാര്‍ട്ടിയിലും സര്‍ക്കാരിലും തിരുത്തല്‍ ശക്തിയായി തുടരുമെന്ന മുന്നറിയിപ്പാണ് നേതൃത്വത്തിന് നല്‍കിയത്. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ പാര്‍ട്ടിയുടെ കാവലാളായി തുടരില്ലെന്ന സൂചനയും അദ്ദേഹം നല്‍കി. ജനങ്ങളുടെ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിപ്പ് അവരുടെ കാവലാളായി തുടരുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഇതിന് ഉദാഹരണമാണ്. കന്റോണ്‍മെന്റ് ഒഴിയുന്ന ഘട്ടത്തില്‍ തിരുവനന്തപുരത്ത് തന്നെ വാടക വീട് എടുത്ത് താമസമാക്കാനാണ് വി.എസിന്റെ തീരുമാനം.
ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അഭിമാനാര്‍ഹമായ വിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദിയും അഭിനന്ദനം അറിയിച്ചാണ് വി.എസ് വാര്‍ത്താസമ്മേളനം തുടങ്ങിയത്. എല്‍.ഡി.എഫിന് ശക്തമായ പിന്തുണ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നന്ദി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്ലാ ജില്ലകളിലും ലഭിച്ച ആവേശകരമായ സ്വീകരണത്തിനും പങ്കുവച്ച ആശങ്കകളും നിര്‍ദേശങ്ങളും വിലമതിക്കുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേരളത്തെ എവിടെയാണ് എത്തിച്ചതെന്നതില്‍ സംശയമില്ല. സ്ത്രീ പീഡനത്തിന്റെയും ഭൂമി കുംഭകോണത്തിന്റെയും ബാര്‍, സോളര്‍ കോഴകളുടെയും കാര്യങ്ങള്‍ കൊച്ചുകുട്ടികള്‍ക്കു പോലും അറിയാം. ഇതില്‍ ഒന്നും തെളിവില്ലെന്നും തനിക്കെതിരെ കേസുകളില്ലെന്നുമാണ് മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നത്. കേരളത്തിലെ യുവാക്കളെ പറഞ്ഞപറ്റിച്ച് കടലാസ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി സര്‍ക്കാര്‍ നടപടികള്‍ തുടരേ തുടരെ വന്നുകെണ്ടിരുന്നു. ഐ.ടി മേഖലയില്‍ പുരോഗതിയില്ല. കണ്ണൂരില്‍ വിമാനത്താവളമില്ലാതെ വിമാനമിറങ്ങിയതല്ലാതെ മറ്റൊന്നും നടന്നില്ല.
എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ നടപ്പില്‍ വരും. യു.ഡി.എഫ് സര്‍ക്കാരിന്റെ വന്‍കിട കുംഭകോണങ്ങള്‍ പുറത്തുകൊണ്ടുവരും. സോളാര്‍ കോഴ, ബാര്‍ കോഴ, ജിഷ വധക്കേസ്, പാറ്റൂര്‍, വനംകൊള്ള എന്നീ വിഷയങ്ങളില്‍ എല്ലാം പുറത്തുകൊണ്ടുവരണം. ജിഷയുടെ ഘാതകരെ തുറങ്കിലടയ്ക്കുന്ന കാലം വിദൂരമല്ല.