സ്ഥാനാര്‍ത്ഥി പീറ്റര്‍ ജേക്കബിന്റെ വീടിന് നേരെ ആക്രമണം

07:58 pm 12/10/2016

– പി. പി. ചെറിയാന്‍
Newsimg1_88089846
ന്യൂജഴ്‌സി: ന്യുജഴ്‌സി 7-ാമത് കണ്‍ഗ്രേഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ മലയാളിയായ പീറ്റര്‍ ജേക്കബിന്റെ വീടിനു നേരെ കഴിഞ്ഞ ആഴ്ച രണ്ടു തവണ ആക്രമണമുണ്ടായതായി ക്യാമ്പയ്ന്‍ സ്‌പോക്ക്മാന്‍ ജോഷ് ലെവിന്‍ അറിയിച്ചു.

ആദ്യ ആക്രമണം നടന്നത് ഒക്ടോബര്‍ 7ന് ആയിരുന്നു. പീറ്റര്‍ ജേക്കബ് താമസിക്കുന്ന വീടിനു നേരെ പെയ്ന്റ് വലിച്ചെറിയുകയും സ്വസ്തിക് ചിഹ്നം വരച്ചു വയ്ക്കുകയും ചെയ്തതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനു പുറകെ വീണ്ടും ഒക്ടോബര്‍ 9ന് അര്‍ദ്ധരാത്രിയില്‍ ഇതേ രീതിയുളള ആക്രമണം നടന്നതായി ജോഷ് പറഞ്ഞു. ഇതൊരു വംശീയ ആക്രമണമെന്നതില്‍ സംശയമില്ലെന്നും ആക്രമണം നടത്തുന്നവര്‍ വച്ചു പുലര്‍ത്തുന്ന വര്‍ഗീയ സമീപനം രാജ്യത്തിന്റെ ഐക്യത്തെ സാരമായി ബാധിക്കുമെന്നും വക്താവ് അറിയിച്ചു.

ന്യൂജഴ്‌സിയിലെ സാമൂഹ്യ പ്രവര്‍ത്തകനും മുപ്പതു വയസുകാരനായ ഡെമോക്രാറ്റിക്ക് െ്രെപമറിയില്‍ വന്‍ വിജയം കൈവരിച്ച പീറ്റര്‍ ജേക്കബ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ലിയൊനാര്‍ഡ് ലാന്‍സുമായാണ് പൊതുതിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്. ലാന്‍സ് അക്രമണത്തെ അപലപിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പീറ്റര്‍ ജേക്കബും ഈ സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമണത്തിന് പുറകില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണെന്നും പീറ്റര്‍ ആരോപിച്ചു. തൊലിയുടെ നിറം നോക്കി പീറ്റര്‍ ജേക്കബിനെ ഒരു ഭീകരനാണെന്ന് ചിത്രീകരിക്കുന്ന എതിര്‍സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പു പരസ്യം വലിയ വിവാദത്തിനു വഴിയൊരുക്കിയിരുന്നു. തുടര്‍ച്ചയായ അക്രമണങ്ങള്‍ക്കൊന്നും തന്റെ മനോവീര്യം കെടുത്തുവാനാകില്ലെന്നും തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്നും പീറ്റര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു