സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി സി.പി.എമ്മില്‍ പ്രതിഷേധം: കെ.പി.എ.സി ലളിത പിന്മാറി

1:32pm 21/3/2016
download (3)

വടക്കാഞ്ചേരി: സിനിമാ താരം കെ.പി.എ.സി. ലളിത തന്റെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി സി.പി.എമ്മില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മത്സരിക്കാനില്ലെന്ന് സിനിമാനടി കെ.പി.എ.സി ലളിത. സിനിമാതിരക്കുകളും ആരോഗ്യപ്രശ്‌നങ്ങളും ഉള്ളതിനാലാണ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങുന്നതെന്ന് കെ.പി.എ.സി ലളിത സി.പി.എം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയായി വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് നിശ്ചയിരിച്ചിരുന്നത്.

മുട്ടുവേദനയെ തുടര്‍ന്ന് രണ്ടു തവണ ശ്‌സ്ത്രക്രിയക്ക് വിധേയയായ തനിക്ക് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ബുദ്ധിമുട്ടാണ്. മാത്രമല്ല, നേരത്തേ ഡേറ്റ് കൊടുത്തുപോയ സിനിമകളില്‍ അഭിനയിക്കേണ്ടതുമുണ്ട്. കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രില്‍, മെയ് മാസങ്ങളിലാണ് നടക്കുക. സാധിക്കുമെങ്കില്‍ മറ്റ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്നും ലളിത പറഞ്ഞു.

സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറുന്ന വിവവരം ഞായാറാഴ്ച തന്നെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. കൊടിയേരിയുടെ നിര്‍ദേശപ്രകാരം ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍, സെക്രട്ടേറിയറ്റംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി തുടങ്ങിയവര്‍ കെ.പി.എ.സി ലളിതയെ വടാക്കാഞ്ചേരി എങ്കക്കാട്ടെ വീട്ടില്‍ ഞായറാഴ്ച സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇന്നാണ് വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

നടി കെ.പി.എ.സി ലളിതയെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം,-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വടക്കാഞ്ചേരിയില്‍ പ്രകടനം നടത്തിയിരുന്നു. ‘നാടിന് സിനിമാ താരം വേണ്ട’, ‘കൊടി പിടിക്കുന്നവന്റെയും പോസ്റ്ററൊട്ടിക്കുന്നവന്റെയും കമ്മ്യൂണിസ്റ്റ് വികാരം സി.പി.എം നേതൃത്വം ഉള്‍ക്കൊള്ളണം’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് എഴുപതോളം പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തിയത്.