05:10pm PM 28/05/2016
ജഗ്വാര്‍ എക്സ് ഇ
ന്യൂഡല്‍ഹി: 48.25 ലക്ഷം രൂപ വിലയുള്ള ജഗ്വാര്‍ കാർ വാങ്ങിയ ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍റെ നടപടിയെ വിമർശിച്ച് കോൺഗ്രസ് രംഗത്ത്. ലക്ഷ്വറി കാർ വാങ്ങിയ നടപടിയെ കുറിച്ച് പുനർചിന്തനം നടത്തണമെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. രാജ്യത്തെ മൂന്നിലൊരു വിഭാഗം ജനങ്ങൾ കാർഷിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ഈ സാഹചര്യത്തിൽ വില കൂടിയ കാർ വാങ്ങിക്കാനുള്ള തീരുമാനം വിവേകപൂർവമാണോ എന്ന് സ്പീക്കർ ചിന്തിക്കണമെന്നും തിവാരി പറഞ്ഞു.
സ്പീക്കര്‍ സുമിത്ര മഹാജനുവേണ്ടി സര്‍ക്കാര്‍ 48.25 ലക്ഷം രൂപ വിലയുള്ള ജഗ്വാര്‍ എക്സ് ഇ പോര്‍ട്ട്ഫോളിയോ കാറാണ് ലോക്സഭ സെക്രട്ടറിയേറ്റ് വാങ്ങിയത്. നിലവില്‍ ടൊയോട്ടോ കാംറി കാര്‍ ഉപയോഗിക്കുന്ന സ്പീക്കറുടെ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ സെഡാന്‍ മോഡല്‍ കാര്‍ വാങ്ങിയത്.
സുരക്ഷ ഉറപ്പാക്കുന്ന വാഹനങ്ങളില്‍ നിലവില്‍ വിപണിവില കുറവുള്ള കാറാണിതെന്ന് ലോക്സഭാ സെക്രട്ടറി ഡി.കെ. ഭല്ല മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റ് അഞ്ചോളം കാറുകൾ പരിഗണനക്ക് വന്നിരുന്നു. ഒറ്റ രാത്രി കൊണ്ട് എടുത്ത തീരുമാനമല്ലെന്നും സുരക്ഷാ ഏജൻസിയുടെ ഉപദേശം കൂടി പരിഗണിച്ചിരുന്നുവെന്നും ഭല്ല വ്യക്തമാക്കി.