സ്റ്റാറ്റന്‍ഐലന്റില്‍ പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്‌ടോബര്‍ 1,2 തീയതികളില്‍ –

09:09 am 1/10/2016

ബിജു ചെറിയാന്‍
Newsimg1_87072050
ന്യൂയോര്‍ക്ക്: കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ 331-മത് ദുഖറോന പെരുന്നാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ കൊണ്ടാടുന്നു. ആകമാന സുറിയാനി സഭയുടെ അമേരിക്കന്‍ അതിഭദ്രാസനത്തില്‍ ഉള്‍പ്പെട്ട സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രീഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി നടത്തപ്പെടുന്ന ഓര്‍മ്മപ്പെരുന്നാളില്‍ ഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. ശനിയാഴ്ച വൈകുന്നേരം 6.30-നു സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് സുവിശേഷ ഘോഷണവും നടക്കും. ഇടവകാംഗവും ന്യൂജേഴ്‌സി വാണാക്യു സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരിയുമായ റവ. ഫാ. ആകാശ് പോള്‍ ആണ് മുഖ്യകാര്‍മികന്‍. ആശീര്‍വാദത്തിനും കൈമുത്തിനും ശേഷം സ്‌നേഹവിരുന്നോടെ ഒന്നാംദിന പെരുന്നാളിന്റെ ചടങ്ങുകള്‍ അവസാനിക്കും.

പ്രധാന പെരുന്നാള്‍ ദിനമായ ഒക്‌ടോബര്‍ രണ്ടാംതീയതി ഞായറാഴ്ച ഒമ്പതു മണിക്ക് ദൈവാലയത്തില്‍ എത്തിച്ചേരുന്ന മെത്രാപ്പോലീത്തയെ സ്വീകരിച്ചാനയിക്കും. ലുത്തിനിയയ്ക്കുശേഷം പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് അഭിവന്ദ്യ തിരുമനസ്സിന്റെ മുഖ്യകാര്‍മിക്ത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടക്കും. ശുശ്രൂഷാ മധ്യേ പരിശുദ്ധ യല്‍ദോ ബാവയോടും, ശുദ്ധിമതിയായ ദൈവമാതാവിനോടും, കാവല്‍പിതാക്കന്മാരോടുമുള്ള പ്രത്യേക മധ്യസ്ഥപ്രാര്‍ത്ഥനയുണ്ടായിരിക്കും. ഇടവകാംഗമായ ഏലിയാസ് ജോര്‍ജും കുടുംബവുമാണ് ഈവര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത്. പരിശുദ്ധന്റെ മഹാമദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നുവെന്ന് പള്ളിക്കാര്യത്തില്‍ നിന്നും അറിയിക്കുന്നു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം റാസ, കൈമുത്ത്, നേര്‍ച്ചവിളമ്പ്, ആശീര്‍വാദം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

വികാരി റവ.ഫാ. രാജന്‍ പീറ്റര്‍, സഹ വികാരി റവ.ഫാ. ഫൗസ്റ്റീനോ ക്വിന്റാനില്ല, സെക്രട്ടറി ഷെവലിയാര്‍ ഈപ്പന്‍ മാളിയേക്കല്‍, ജോയിന്റ് സെക്രട്ടറി അലക്‌സ് വലിയവീടന്‍, ട്രഷറര്‍ ജിന്‍സ് ജോണ്‍, ജോയിന്റ് ട്രഷറര്‍ ബെന്നി ചാക്കോ എന്നിവരുടെ നേതൃത്വത്തിലും കമ്മിറ്റി അംഗങ്ങളായ ജോസ് ഏബ്രഹാം, ജോയി നടുക്കുടി, തോമസ് സഖറിയ എന്നിവരുടേയും, വിവിധ ഭക്തസംഘടനാ ഭാരവാഹികളുടേയും സഹകരണത്തിലും വിവിധ കമ്മിറ്റികള്‍ പെരുന്നാള്‍ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷെവലിയാര്‍ ഈപ്പന്‍ മാളിയേക്കല്‍ (സെക്രട്ടറി) 917 514 0549, അലക്‌സ് വലിയവീടന്‍ (ജോയിന്റ് സെക്രട്ടറി) 718 619 7674, ജിന്‍സ് ജോണ്‍ (ട്രഷറര്‍) 718 810 1783, ബെന്നി ചാക്കോ (ജോയിന്റ് ട്രഷറര്‍) 247 265 8988.