സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ കുറിച്ച് അതൃപ്തി പ്രകടിപ്പിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍െറ നടപടി പ്രശംസനീയമാണെന്ന് കെജ് രിവാള്‍

12:57 pm 16/08/2016
images (2)
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ കുറിച്ച് അതൃപ്തി പ്രകടിപ്പിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍െറ നടപടി പ്രശംസനീയമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ജഡ്ജിമാരുടെ നിയമനത്തെകുറിച്ച് പാരാമര്‍ശിക്കാതിരുന്നതില്‍ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.

ചീഫ് ജസ്റ്റിസിന്‍റെ ആത്മധൈര്യവും ദൃഢവിശ്വാസവും നീതി സംബന്ധിച്ച ഉത്കണ്ഠയും അഭിനാന്ദര്‍ഹമാണ്- കെജ് രിവാള്‍ ട്വിറ്റിലൂടെ അറിയിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം നിരാശപ്പെടുത്തിയെന്ന് തുറന്നുപറയാനുള്ള ആര്‍ജവം അദ്ദേഹം കാണിച്ചുവെന്നും കെജ് രിവാള്‍ പറഞ്ഞു.

‘‘നിങ്ങള്‍ക്ക് എന്നെ കൊലപ്പെടുത്താം, എന്നാല്‍ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് ഒന്നും ചോദിക്കരുത്’’ എന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റിലൂടെ വിമര്‍ശിച്ചു.

സ്വാതന്ത്രദിനാഘോഷത്തില്‍ പ്രധാനമന്ത്രിയുടെ മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ജഡ്ജിമാരുടെ നിയമനക്കാര്യത്തില്‍ പരാമര്‍ശം നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ളെന്നും അത് നിരാശപ്പെടുത്തിയെന്നും ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ പ്രതികരിച്ചിരുന്നു. സുപ്രീംകോടതിയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നിയമമന്ത്രി രവിശങ്കര്‍ പ്രസാദുമായി വേദി പങ്കിട്ട അവസരത്തിലാണ് ചീഫ് ജസ്റ്റിസ് തന്‍റെ അതൃപ്തി പ്രകടിപ്പിച്ചത്.

ദാരിദ്ര്യ നിര്‍മാര്‍ജനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, പുതിയ പദ്ധതികള്‍ നടപ്പാക്കല്‍ എന്നിവയെല്ലാം കാര്യക്ഷമമായി നടത്തി വരുമ്പോഴും രാജ്യത്തെ പൗരന്‍മാര്‍ക്ക് ലഭിക്കേണ്ട നീതിയെ കുറിച്ച് പ്രധാനമന്ത്രി ചിന്തിക്കണമെന്നും ചീഫ് ജസ്റ്റിസ് തുറന്നടിച്ചിരുന്നു.