സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളില്‍ അവശേഷിക്കുന്ന സീറ്റുകളിലേക്കുള്ള അഡ്മിഷന്‍ വെള്ളിയാഴ്ച പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി വിധി.

09:33 am 7/10/2016

download (26)
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളില്‍ അവശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ വെള്ളിയാഴ്ച തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ ഒമ്പതിനാണ് നടപടികള്‍ ആരംഭിക്കുക. ജസ്റ്റിസ് ജയിംസ് കമ്മിറ്റി പ്രവേശം റദ്ദാക്കിയ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈകോടതി വിധി വ്യാഴാഴ്ച വന്നതോടെ ഈ കോളജില്‍ പ്രവേശം നേടിയ കുട്ടികളെക്കൂടി പരിഗണിക്കേണ്ടിവരും. സ്പോട്ട് അഡ്മിഷനുവേണ്ടി പ്രവേശപരീക്ഷാ കമീഷണര്‍ നേരത്തെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു. ഇതുപ്രകാരം ലഭിച്ച 5365 അപേക്ഷകരുടെ പട്ടിക വ്യാഴാഴ്ച രാത്രിയോടെ പ്രവേശപരീക്ഷാ കമീഷണര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ഇതിനുപുറമെ കണ്ണൂര്‍, കരുണ കോളജുകളില്‍ നേരത്തെ പ്രവേശംനേടിയ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയില്ളെങ്കിലും അവരെക്കൂടി മെറിറ്റടിസ്ഥാനത്തില്‍ സ്പോട്ട് അഡ്മിഷന് പരിഗണിക്കേണ്ടിവരും. ഇതിനായി ബന്ധപ്പെട്ട കോളജുകള്‍ ആവശ്യമായ മുഴുവന്‍ രേഖകളും പ്രവേശപരീക്ഷാ കമീഷണര്‍ മുമ്പാകെ ഹാജരാക്കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പ്രകാരമുള്ള പ്രവേശസാധ്യതാ പട്ടിക വ്യാഴാഴ്ച വൈകീട്ട് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഹൈകോടതി വിധിയോടെ ഇതുസംബന്ധിച്ച് ആശയക്കുഴപ്പം ഉടലെടുത്തു. തുടര്‍ന്ന് നിയമവിദഗ്ധരുമായി ആലോചിച്ചാണ് വെള്ളിയാഴ്ചയിലെ സ്പോട്ട് അഡ്മിഷന്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും പട്ടിക പ്രസിദ്ധീകരിച്ചതും. വെള്ളിയാഴ്ച അഡ്മിഷന്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി വിധി.