സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശം: ചര്‍ച്ചയില്‍ ഭാഗിക ധാരണ

07:12 am 30/08/2016
images (7)
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശത്തില്‍ സര്‍ക്കാറും മാനേജ്മെന്‍റുകളും ഭാഗിക ധാരണയില്‍. അവശേഷിക്കുന്ന തര്‍ക്കങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍െറ സാന്നിധ്യത്തില്‍ ചര്‍ച്ച തുടരാനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി മാനേജ്മെന്‍റ് അസോസിയേഷന്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചു. മെഡിക്കല്‍, ഡെന്‍റല്‍ കോഴ്സുകളിലെ 50 ശതമാനം സീറ്റ് സര്‍ക്കാറിന് വിട്ടുനല്‍കാന്‍ തയാറാണെന്ന് ചര്‍ച്ചയില്‍ മാനേജ്മെന്‍റുകള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ അലോട്ട്മെന്‍റ് നടത്തുന്ന 50 സീറ്റുകളില്‍ (ആകെ സീറ്റിന്‍െറ 50 ശതമാനം) 20 സീറ്റുകളില്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസായ 25,000 രൂപക്ക് ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കാന്‍ തയാറാണെന്ന് മാനേജ്മെന്‍റുകള്‍ അറിയിച്ചു.

സര്‍ക്കാറിന് വിട്ടുനല്‍കുന്ന അവശേഷിക്കുന്ന 30 സീറ്റുകളിലെ ഫീസ് നിരക്ക് സംബന്ധിച്ചാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇതില്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസായ 1.85 ലക്ഷം രൂപയില്‍ വര്‍ധന അനുവദിക്കാനാകില്ളെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. എന്നാല്‍, സര്‍ക്കാറിന് വിട്ടുനല്‍കുന്ന 30 സീറ്റുകളിലും മാനേജ്മെന്‍റ് സീറ്റുകളിലും 12.5 ലക്ഷം രൂപ ഏകീകൃത ഫീസ് വേണമെന്ന നിലപാടിലാണ് മാനേജ്മെന്‍റുകള്‍. മെറിറ്റ് സീറ്റുകളുടെ ഫീസ് നിരക്കില്‍ മുഴുവന്‍ ധാരണയാകാത്ത സാഹചര്യത്തില്‍ മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ സീറ്റുകളിലെ ഫീസ് നിരക്ക് സംബന്ധിച്ച ചര്‍ച്ച നടന്നില്ല. ഡെന്‍റലില്‍ ഒരു കോളജില്‍ ആകെയുണ്ടാകുന്ന 100 സീറ്റുകളില്‍ 50 സീറ്റുകള്‍ (50 ശതമാനം) സര്‍ക്കാറിന് വിട്ടുനല്‍കാന്‍ ധാരണയായി. സര്‍ക്കാര്‍ മെറിറ്റില്‍ അലോട്ട്മെന്‍റ് നടത്തുന്ന ഈ 50 സീറ്റുകളില്‍ ആറ് സീറ്റുകളിലേക്ക് ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ഫീസായ 23,000 രൂപക്ക് പ്രവേശം നല്‍കാന്‍ തയാറാണെന്ന് മാനേജ്മെന്‍റ് അസോസിയേഷന്‍ അറിയിച്ചു.

14 സീറ്റുകളില്‍ 44,000 രൂപക്ക് പ്രവേശം നല്‍കാനും ധാരണയായി. മെറിറ്റില്‍ അവശേഷിക്കുന്ന 30 സീറ്റുകളുടെ കാര്യത്തില്‍ തര്‍ക്കം അവശേഷിക്കുന്നു. ഇതിലേക്ക് 3.3 ലക്ഷം രൂപയാണ് മാനേജ്മെന്‍റുകള്‍ ആവശ്യപ്പെട്ടത്. ക്രിസ്ത്യന്‍ ഫെഡറേഷന് കീഴിലെ കോളജുകള്‍ക്ക് ഏകീകൃത ഫീസായി നിശ്ചയിച്ച തുകയാണ് 30 സീറ്റുകളിലേക്ക് ആവശ്യപ്പെട്ട 3.3 ലക്ഷം രൂപ. കഴിഞ്ഞ വര്‍ഷം അനുവദിച്ച 1.75 ലക്ഷം രൂപയില്‍ വര്‍ധന അനുവദിക്കാനാകില്ളെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. ഡെന്‍റലിലെ മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ സീറ്റുകളിലേക്കുള്ള ഫീസ് നിരക്കിലും ധാരണയായിട്ടില്ല. ഇക്കാര്യവും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യും. രണ്ടു തവണയായാണ് മെഡിക്കല്‍ പ്രവേശം സംബന്ധിച്ച് തിങ്കളാഴ്ച ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടന്നത്.