08;49 PM 26/08/2016
കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മുഴുവൻ സീറ്റികളിലേക്കും പ്രവേശം നടത്താനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. മാനേജ്മെൻറ് സീറ്റുകൾ ഏറ്റെടുത്ത് പ്രവേശം നടത്താനുള്ള സർക്കാർ നീക്കം ഹൈകോടതി ഉപാധികളോടെ സ്റ്റേ ചെയ്തു. സ്വാശ്രയ മാനജേ്മെൻറുകൾക്കും കൽപിത സർവകലാശാലകൾക്കും നീറ്റ് റാങ്ക് അടിസ്ഥാനമാക്കി മാനേജ്മെൻറ് സീറ്റുകളിൽ പ്രവേശം നടത്താമെന്ന് കോടതി വ്യക്തമാക്കി.
മെഡിക്കല്‍, ഡൻറൽ പ്രവേശത്തിന് നീറ്റ് പരീക്ഷയിലെ റാങ്ക് മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ ആവശ്യപ്പെട്ടു. മാനേജ്മെൻറ് സീറ്റുകളിലേക്കുള്ള പട്ടിക നീറ്റ് റാങ്ക് അടിസ്ഥാനമാക്കി സര്‍ക്കാര്‍ നല്‍കുമെന്നും എ.ജി കോടതിയെ അറിയിച്ചു. അതേസമയം മാനേജ്മെൻറ് സീറ്റുകളിൽ സർക്കാർ നൽകുന്ന പട്ടിക പ്രകാരം പ്രവേശം നടത്തുന്നത് പ്രായോഗികമല്ലെന്ന് മാനേജ്മെൻറുകൾ കോടതിയെ അറിയിച്ചു.സീറ്റ് പങ്കിടാന്‍ രണ്ടുവട്ടം ചർച്ച നടത്തിട്ടും പരാജയപ്പെട്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഇതിെൻറ അടിസ്ഥാനത്തിലാണ് മുഴുവൻ സീറ്റുകളിലേക്കും പ്രവേശം നടത്താൻ സർക്കാർ തീരുമാനമെടുത്തതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലെ പ്രവേശത്തിന് മാനേജ്മെൻറുകൾക്ക് അപേക്ഷ സ്വീകരിക്കാമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. പ്രോസ്പെക്ടസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. അപേക്ഷിച്ചവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. പ്രവേശത്തിന് അപേക്ഷകരുടെ നീറ്റ് റാങ്ക് മാനദണ്ഡമാക്കണം.ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം മാനേജ്മെൻറ് സീറ്റുകളിലേക്ക് പ്രവേശം നടത്താം. പ്രവേശ നടപടികൾ ജയിംസ് കമ്മിറ്റിക്ക് പരിശോധിക്കാൻ കഴിയണമെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്വാശ്രയ മെഡിക്കൽ കോളജുകളിെല മാനേജ്മെൻറ് സീറ്റുകൾ ഉൾപ്പെടെയുള്ള മുഴുവൻ സീറ്റുകളും ഏറ്റെടുത്തുകൊണ്ട് സർക്കാർ ഉത്തരവിട്ടിരുന്നു. മുഴുവൻ സീറ്റുകളിലേക്കും നീറ്റ് റാങ്ക് ലിസ്റ്റിൽ നിന്ന് പ്രേവശം നടത്തുമെന്നായിരുന്നു ഉത്തരവ്. ഇതിനെതിരെ ന്യൂനപക്ഷ സ്വാശ്രയ മെഡിക്കൽ മാനേജ്മെൻറുകൾ കോടതിയെ സമീപിക്കുകയായിരുന്നു. ന്യൂനപക്ഷ അവകാശങ്ങൾക്കുമേലുള്ളള കടന്നുകയറ്റമാണെന്ന് മാനേജ്മെൻറുകൾ ആരോപിച്ചിരുന്നു.