സ്വാശ്രയ മെഡിക്കൽ പ്രവേശ വിഷയത്തിൽ പിണറായി സർക്കാറിനെതിരെ വി.എസ് അച്യുതാനന്ദൻ.

03:22 pm 2/10/2016

download (8)
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശ വിഷയത്തിൽ പിണറായി സർക്കാറിനെതിരെ മുതിർന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദൻ. സ്വാശ്രയ പ്രശ്നത്തിൽ സർക്കാർ സമീപനം തെറ്റാണെന്ന് വി.എസ് മാധ്യമങ്ങളോട് പറഞ്ഞു. സെക്രട്ടറിയേറ്റിന് മുമ്പിൽ യു.ഡി.എഫ് എം.എല്‍.എമാർ നടത്തുന്ന നിരാഹാര സമരം ഒത്തുതീർപ്പാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

എന്നാൽ, വി.എസിന്‍റെ പ്രസ്താവനയോട് പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറായില്ല.

സംസ്ഥാന സർക്കാറിന്‍റെ ഭരണപരിഷ്കാര കമീഷൻ ചെയർമാൻ കൂടിയായ വി.എസിന്‍റെ പ്രതികരണം വലിയ പ്രാധാന്യത്തോടെയാണ് പ്രതിപക്ഷം കാണുന്നത്. സ്വാശ്രയ മെഡിക്കൽ മാനേജുമെന്‍റുകളുടെ ഫീസ് വർധനക്ക് അംഗീകാരം നൽകിയ സർക്കാർ നിലപാടിൽ വി.എസിന് വിയോജിപ്പുണ്ടെന്ന് വാർത്തകൾ വന്നിരുന്നു.

അതേസമയം, നിയമസഭാ കവാടത്തിൽ യു.ഡി.എഫ് എം.എൽ.എമാർ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരം ചെയ്യുന്ന എം.എൽ.എമാരെ കഴിഞ്ഞ ദിവസം വി.എസ് സന്ദർശിച്ചിരുന്നു.