സ്‌നേഹസംഗീതം 2016 ശനിയാഴ്ച ബോസ്റ്റണില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

11:12am 3/6/2016
Newsimg1_48481457
ബോസ്റ്റണ്‍: ജൂണ്‍ നാലിന് ശനിയാഴ്ച വൈകിട്ട് 5.30-ന് വെയ്‌ലാന്റിലെ സെലിബ്രേഷന്‍ ഇന്റര്‍നാഷണല്‍ ചര്‍ച്ചില്‍ അരങ്ങേറുന്ന “സ്‌നേഹസംഗീതം 2016′ ഗാനസന്ധ്യയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പ്രശസ്ത മലയാള പിന്നണി ഗായകരായ എം.ജി. ശ്രീകുമാറും, രഞ്ജിനി ജോസും നയിക്കുന്ന പരിപാടിക്ക് ബോസ്റ്റണിലെ വിവിധ പള്ളികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുപത് പേര്‍ അടങ്ങുന്ന കോറസ് സംഘം മാറ്റുകൂട്ടും. ഫാ. പിന്റോ പോള്‍, ഓഷിന്‍ മാത്യു എന്നിവര്‍ പരിപാടിയുടെ എം.സിമാരാകും.

ബോസ്റ്റണിലെ മലയാളികളുടെ ജീവകാരുണ്യ സംഘടനയായ ‘കംപാഷ്‌നേറ്റ് ഹാര്‍ട്ട്‌സ് നെറ്റ് വര്‍ക്കും, ബോസ്റ്റണിലെ ഇന്ത്യന്‍ എക്യൂമെനിക്കല്‍ ചര്‍ച്ച് കൗണ്‍സിലും ചേര്‍ന്നൊരുക്കുന്ന ഈ പരിപാടിയില്‍ നിന്നും ലഭിക്കുന്ന എല്ലാ വരുമാനവും അമേരിക്കയിലും, ഇന്ത്യയിലും സംഘടന ഏറ്റെടുത്തിട്ടുള്ള വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. പരിപാടിയില്‍ സംബന്ധിക്കുന്ന എല്ലാവര്‍ക്കും ഇന്ത്യന്‍- ചൈനീസ് വിഭവങ്ങളടങ്ങിയ ഡിന്നറും ഒരുക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.compassionateheartsnetwork.net സന്ദര്‍ശിക്കുക.