മാഡ്രിഡ്: സ്‌പെയിന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം നേടാനായില്ലെന്ന് ഫലസൂചനകള്‍. ആറു മാസത്തിനിടെ നടന്ന രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ പോപ്പുലര്‍ പാര്‍ട്ടി(പിപി) കൂടുതല്‍ സീറ്റുകള്‍ നേടി വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷമായ 176ല്‍ എത്താന്‍ സാധിച്ചില്ല. 350 അംഗ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മരിയാനോ രജോയിയുടെ നേതൃത്വത്തിലുള്ള പോപ്പുലര്‍ പാര്‍ട്ടിക്ക് നേടാനായത് 137 സീറ്റുകളാണ്. നിലവിലെ പ്രതിപക്ഷമായ സോഷ്യലിസ്റ്റ് പാര്‍ട്ടി 90 സീറ്റുകള്‍ നേടിയപ്പോള്‍ ഇടതുപാര്‍ട്ടി പോദമോസ് 71 സീറ്റുകളും സിറ്റിസണ്‍ പാര്‍ട്ടി 32 സീറ്റുകളും നേടി.
കഴിഞ്ഞ ഡിസംബറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്നാണ് രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കുന്നതില്‍ രാജ്യത്തെ പ്രധാന പാര്‍ട്ടികള്‍ക്ക് ധാരണയില്‍ എത്താന്‍ സാധിച്ചില്ല. ഇതിനിടെ സര്‍ക്കാരിനെതിരെ അഴിമതി ആരോപണവും ഉയര്‍ന്നതോടെ ഭരണപ്രതിസന്ധി രൂക്ഷമാകുകയായിരുന്നു.
ബ്രെക്‌സിറ്റിനുശേഷം ലോകം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു. സ്‌പെയിനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണമെന്ന ആവശ്യമാണ് യുവാക്കള്‍ ഉയര്‍ത്തിയത്.