09:33 am 27/8/2016
ജയന്‍ കൊടുങ്ങല്ലൂര്‍
സൗദിയില്‍ പ്രതിസന്ധിയിലായ വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് മറ്റു സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം പുതിയ പോര്‍ട്ടല്‍ തുടങ്ങി. ഇതനുസരിച്ച് ഉയര്‍ന്ന പരിചയ സമ്പത്തുള്ള വിദഗ്ധ തൊഴിലാളികളെ സ്വകാര്യ കമ്പനികള്‍ക്ക് പ്രാദേശികമായി പ്രയോജനപ്പെടുത്താം.
നിതാഖാത് പ്രകാരം പച്ചയിലോ അതിനു മുകളിലോ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഈ സൌകര്യം ലഭിക്കുകയെന്ന്! മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. മറ്റു സ്ഥാപനങ്ങളിലേക്ക് തൊഴില്‍ മാറാന്‍ ആഗ്രഹിക്കുന്നവരുടെയും ഇഖാമ, വര്‍ക്ക്പെര്‍മിറ്റ് കാലാവധി കഴിഞ്ഞവരുടെയും സൗദിയില്‍ എത്തി മൂന്നു മാസം കഴിഞ്ഞിട്ടും ഇഖാമ ലഭിക്കാത്തവരുടെയും സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഏറ്റെടുക്കുന്നത്തിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവസരം നല്‍കും. ഇതിലൂടെ വിദേശത്തുനിന്നുള്ള റിക്രൂട്ട്‌മെന്‍റ് കുറയ്ക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ വിവരങ്ങള്‍ അവരുടെ സമ്മതത്തോടെ http:/www.kawadir.com.sa എന്ന പോര്‍ട്ടലില്‍ തൊഴിലുടമകള്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. പോര്‍ട്ടലില്‍നിന്നും അനുയോജ്യരായ തൊഴിലാളികളെ കണ്ടെത്താന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവസരമുണ്ടാകും. ഇതുവഴി നിരവധി കമ്പനികള്‍ക്ക് തങ്ങള്‍ക്കു ആവിശ്യമുള്ള തൊഴിലാളികളെ കണ്ടെത്താന്‍ സാധിക്കും