സൗത്ത് ഫ്‌ളോറിഡ കേരള സമാജം നെഹ്‌റു ട്രോഫി വളളംകളി: താമ്പ ക്രൂസേഴ്‌സിന് ഒന്നാം സ്ഥാനം

07:56 pm 12/10/2016

– ജോയി കുറ്റിയാനി
Newsimg1_27359563
മയാമി : അലയടിച്ചുയരുന്ന ആവേശം ആര്‍പ്പുവിളികളായി ഒരായിരം കണ്ഠങ്ങളില്‍ നിന്നുയര്‍ന്നു പൊങ്ങിയ 11­ാമതു കേരളസമാജം നെഹ്‌റു ട്രോഫി ജലമേളയുടെ ഫൈനല്‍ മത്സരത്തില്‍ കേരള ഡ്രാഗണ്‍സും താമ്പ ക്രൂസേഴ്‌സും തമ്മില്‍ ഇഞ്ചോടിഞ്ച് പൊരുതി താമ്പ ക്രൂസേഴ്‌സ് ഒന്നാം സ്ഥാനത്തെത്തി. 2500 ഡോളറും നെഹ്‌റു ട്രോഫിയും നേടിയപ്പോള്‍, രണ്ടാം സമ്മാനമായ 1001 ഡോളറും ട്രോഫിയും കേരള ഡ്രാഗണ്‍സ് ഏറ്റുവാങ്ങി.

ഫോര്‍ട്ട് ലൗഡര്‍ഡെയിലിലെ വിശാലമേറിയ റ്റി. വൈ. പാര്‍ക്കിലെ തടാകത്തില്‍ എട്ടു പുരുഷ ടീമുകള്‍ മാറ്റുരച്ച, മലയാളികള്‍ എന്നും ആവേശപൂര്‍വ്വം നെഞ്ചിലേറ്റുന്ന കരുത്തിന്റെ ഈ ജല മാമ്മാങ്കത്തില്‍ ഇദംപ്രഥമമായി സൗത്ത് ഫ്‌ളോറിഡ തമിഴ് സംഘം പങ്കുചേര്‍ന്നത് സംഘാടര്‍ക്കും കാണികള്‍ക്കും കൂടുതല്‍ ആവേശം പകര്‍ന്നു.

റഫ് ഡാഡിസ് ഷിക്കാഗോ ; എംഎസിഎഫ്- താമ്പചുണ്ടന്‍, ഡ്രംലൗവേഴ്‌സ് ഫ്‌ളോറിഡാ, കനാനാ ചുണ്ടന്‍, താമ്പ ക്രൂസേഴ്‌സ്­- മാറ്റ്, സൗത്ത് ഫ്‌ളോറിഡ തമിഴ്‌സംഘം, കേരള ഡ്രാഗണ്‍സ്, മയാമി ചുണ്ടന്‍ തുടങ്ങിയ പുരുഷ ടീമുകള്‍ക്ക് പുറമെ രണ്ടു വനിതാ ടീമുകളും, മയാമി ചുണ്ടനും, സൗത്ത് ഫ്‌ളോറിഡ വിമന്‍സ് ഫോറം ടീമും മത്സരത്തിനിറങ്ങി.

സെമിഫൈനല്‍ മത്സരങ്ങള്‍ക്കു ശേഷം ചെണ്ടവാദ്യമേളങ്ങളുടെ അകമ്പടിയോടെ സാംസ്കാരിക ഘോഷയാത്ര പാര്‍ക്കിലൂടെ വലംവച്ചപ്പോള്‍ അനേക രാജ്യങ്ങളില്‍ നിന്നും പാര്‍ക്കിലെത്തിയ ആളുകള്‍ ആവേശപൂര്‍വ്വം ഈ ഘോഷയാത്രയില്‍ പങ്കുചേര്‍ന്നു.

വളളംകളിയുടെ മെഗാ സ്‌പോണ്‍സറായി 2500 ഡോളര്‍ ഒന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്തത് സാബു ലൂക്കോസ് ഓഷ്യന്‍ വെല്‍ത്ത് സോല്യൂഷനും, രണ്ടാം സമ്മാനം 1001 ഡോളര്‍ സ്‌പോണ്‍സര്‍ ചെയ്തത് ജയിസണ്‍ നടയില്‍ ക്യാപിറ്റല്‍ കോമേഴ്‌സ്യല്‍ റിയല്‍ എസ്‌റ്റേറ്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് പ്രോപ്പര്‍ട്ടീസും 11­ാമതു കേരളസമാജം വളളംകളിയുടെ ഇവന്റ് കോ– ഓര്‍ഡിനേറ്റര്‍ഷിപ്പ് സ്‌പോണ്‍സര്‍ ചെയ്തത് സേവി മാത്യു പ്രസിഡന്റായുളള കേരള ബോട്ട് ആന്റ് ആര്‍ട്‌സ് ക്ലബ് ആയിരുന്നു. കൂടാതെ ബേബി വര്‍ക്കി ആന്റ് അസോസിയേറ്റ് സിപിഎ, ഡേവിസ് പുളിക്കന്‍, സോളമന്‍ മാത്യു, ബിഗ് ബസ്സാര്‍ എന്നിവരും വിവിധ സമ്മാനങ്ങളുടെ സ്‌പോണ്‍സര്‍മാരായിരുന്നു.

വനിതകളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത് മയാമി ചുണ്ടനും, രണ്ടാം സ്ഥാനത്തിന് അര്‍ഹത നേടിയത് സൗത്ത് ഫ്‌ളോറിഡ വിമന്‍സ് ഫോറം ടീമുമായിരുന്നു.

വളളംകളി മത്സരം 400 മീറ്റര്‍ നീളം വരുന്ന രണ്ടു ട്രാക്കിലൂടെയാണ് അമേരിക്കന്‍ പാഡിലേഴ്‌സ് ക്ലബ് കേരള സമാജത്തിനുവേണ്ടി ക്രമീകരിച്ചത്. വളളംകളി മത്സരത്തിന്റെ വിജയത്തിനുവേണ്ടി പീറ്റോ സെബാസ്റ്റ്യന്‍, പത്മകുമാര്‍ കെ. ജി., റോബിന്‍സ് ജോസ് എന്നിവരടങ്ങിയ സബ് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

വളളംകളി മത്സരത്തിനുശേഷം റ്റി. വൈ. പാര്‍ക്കില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ അത്യന്തം വാശിയേറിയ പ്രൊഫഷണല്‍ വടംവലി മത്സരം ഇദംപ്രഥമമായി നടത്തി. ഏഴു പേര്‍ അടങ്ങിയ വടംവലി ടീമിന്റെ തൂക്കം മാനദണ്ഡമാക്കിയാണ് ടീമുകളുടെ പ്രവേശനം രജിസ്റ്റര്‍ ചെയ്തത്. അഞ്ച് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

ഷിക്കാഗോയില്‍ നിന്നുളള റഫ്ഡാഡിസ് എംടീമും, ബിടീമും , എംഎസിഎഫ് -താമ്പ ടസ്‌കേഴ്‌സ്, ട്രംലൗവേഴ്‌സ് ഫ്‌ളോറിഡ, ടീം കനാന എന്നീ പുരുഷ ടീമുകള്‍ക്ക് പുറമെ വനിത ടീമുകളുടെ സൗഹൃദ മത്സരവുമുണ്ടായിരുന്നു.

നൂതനമായ വടംവലി മത്സരത്തിന്റെ കായികക്ഷമത തീരുമാനിക്കുന്നത് കായികബലം ഒന്നു കൊണ്ടുമാത്രമല്ല ; തികഞ്ഞ പ്രൊഫഷണലിസവും ; ടെക്‌നിക്കുകളും ചേരുമ്പോഴാണെന്ന് ആവേശത്തോടെ മത്സരം വീക്ഷിച്ച കാണികള്‍ക്ക് തിരിച്ചറിവു കൊടുക്കുന്നതായിരുന്നു വടംവലി മത്സരം.

എംഎസിഎഫ് താമ്പ ടസ്‌കേഴ്‌സ് റഫ്ഡാഡിസ് ഷിക്കാഗോ, എ ടീമുമായി ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ എംഎസിഎഫ് താമ്പ ടസ്‌കേഴ്‌സ് ഒന്നാം സമ്മാനവും ട്രോഫിയും നേടി ; വടംവലിയുടെ രണ്ടാം സമ്മാനം റഫ്ഡാഡിസ് ഷിക്കാഗോ എ ടീം കരസ്ഥമാക്കി.

തുടര്‍ന്ന് വനിതകളുടെ സൗഹൃദമത്സര വടംവലിയില്‍ താമ്പ വനിതകളും ; സൗത്ത് ഫ്‌ളോറിഡ വിമന്‍സ് ഫോറം ടീമും ഏറ്റുമുട്ടി താമ്പ വനിതാ ടീം വിജയിയായി.വടംവലി മത്സരത്തിന്റെ ഒന്നാം സമ്മാനം രണ്ടായിരം ഡോളര്‍ സ്‌പോണ്‍സര്‍ ചെയ്തത് ജോ മീനംകുന്നേല്‍ ബിസിനസ് വയറും ; രണ്ടാം സമ്മാനം എഴുന്നൂറ്റിയമ്പത് ഡോളര്‍ സ്‌പോണ്‍സര്‍ ചെയ്തത് സഞ്ജയ് നടുപറമ്പില്‍ മയാഫിസിക്കല്‍ തെറാപ്പിയുമാണ്.

വടംവലി മത്സരത്തിന്റെ അമ്പയറിങ് നടത്തിയത് മുന്‍ മിസ്റ്റര്‍ കേരളയും കോച്ചുമായിരുന്ന മയാമിയില്‍ നിന്നുളള ബെന്നി ജോസഫും സഹഅമ്പയര്‍മാരായി നോയല്‍ മാത്യു ; ജൂബിന്‍ കുളങ്ങര, ഷിബു മിരമാര്‍, നിക്‌സണ്‍ ജോസഫ് എന്നിവരുമായിരുന്നു.

തുടര്‍ന്ന് നടന്ന സമ്മാനദാന ചടങ്ങില്‍ കേരള സമാജം പ്രസിഡന്റ് ജോസ്മാന്‍ കരേടന്‍ വളളംകളി മത്സരത്തിന്റെയും വടംവലി മത്സരത്തിന്റെയും വിജയികളെ സമ്മാനം ഏറ്റുവാങ്ങാന്‍ വേദിയിലേക്ക് ക്ഷണിക്കുകയും, വേദിയില്‍ ഫ്‌ളോറിഡ സ്‌റ്റേറ്റ് സെനറ്റര്‍ എലനോര്‍ സോബല്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിക്കുകയും ചെയ്തു.

മത്സരത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും റണ്ണിംഗ് കമന്ററിയും, സാജന്‍ മാത്യു, സാമുവല്‍ തോമസ്, മാത്തുക്കുട്ടി തുമ്പമണ്‍, ബാബു കല്ലിടുക്കില്‍, ജോയി കുറ്റിയാനി തുടങ്ങിയവര്‍ നല്‍കിയത് മത്സരം ജീവസുറ്റതാക്കുവാന്‍ ഇടയായി. പാര്‍ക്കില്‍ മറ്റൊരു വേദിയില്‍ സോക്കര്‍ പെനാലിറ്റി ഷൂട്ട്ഔട്ട് മത്സരം അനേകം പേര്‍ക്ക് മത്സരത്തിന് അവസരമൊരുക്കി. ശ്രീജിത്ത് കാര്‍ത്തികേയന്‍, ജിമ്മി പെരേപ്പാടന്‍, സജോ പല്ലിശ്ശേരി തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

മത്സരങ്ങളോടനുബന്ധിച്ച് വിവിധ പവലിയനുകളില്‍ ദോശ, ഓംലൈറ്റ് തുടങ്ങിയ നാടന്‍ തട്ടുകട വിഭവങ്ങളും പച്ചകപ്പയും നെയ്മീന്‍ പൊളളിച്ചതും വിവിധതരം ബിരിയാണിയും വിളമ്പിയത് ഏവര്‍ക്കും ആസ്വാദ്യകരമായിരുന്നു.സാജന്‍ കുര്യന്റെ നേതൃത്വത്തില്‍ നവംബര്‍ 8നു നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ടേഴ്‌സ് രജിസ്‌ട്രേഷന് ബൂത്ത് ഒരുക്കിയത് അനേകര്‍ക്ക് പ്രയോജനകരമായി. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ നിരവധി സ്ഥാനങ്ങളിലേക്ക് ഇലക്ഷനില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കേരള സമാജത്തിന്റെ ഈ ജലമേള കാണുവാനും ഇന്ത്യന്‍ സമൂഹത്തോട് വോട്ട് ചോദിക്കുവാനുമായി പാര്‍ക്കില്‍ എത്തിയിരുന്നു.

പരിപാടികള്‍ക്ക് നോയല്‍ മാത്യു, പ്രിന്‍സ് ജോസഫ്, ആനി സോളമന്‍, ഷേര്‍ളി തോമസ്, ലിജു കാച്ചപ്പിളളി, ഡേവിസ് വര്‍ഗീസ്, നെല്‍സണ്‍ ചാലിശ്ശേരി, സുധീഷ് പി. കെ., ചെറിയാന്‍ ഏബ്രഹാം, വാണി മുരളി, ഷിബു ജോസഫ്, കുഞ്ഞമ്മ കോശി, സജി സക്കറിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വളളംകളി മത്സരത്തിന്റെ ഇടവേളകളില്‍ ലൈവ് ഡാന്‍സ് ഷോകളും, ജെര്‍മി കരേടന്റെ ഡീജേയും ചേര്‍ന്നപ്പോള്‍ 11­ാമതു ജലമേള ഏവര്‍ക്കും ഒരു ഉത്സവമായി.