സൗദിയില്‍ ചാവേര്‍ സ്ഫോടനം

11:35am 05/07/2016
images
ദമ്മാം/ ജിദ്ദ: സൗദി അറേബ്യയില്‍ മൂന്നിടത്ത് ചാവേര്‍ സ്ഫോടനങ്ങള്‍. തിങ്കളാഴ്ച പുലര്‍ച്ചെ ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് ആസ്ഥാനത്തിന് പരിസരത്തും മദീന മസ്ജിദുന്നബവിക്കു സമീപം പൊലീസ് എയ്ഡ്പോസ്റ്റിനടുത്തും ഖതീഫില്‍ ഫറജ് അല്‍ഉംറാന്‍ പള്ളിക്ക് സമീപവുമാണ് സ്ഫോടനങ്ങളുണ്ടായത്. ചാവേറുകളെ കൂടാതെ നാലു സുരക്ഷാ ഭടന്മാര്‍ കൂടി കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം.

ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് ആസ്ഥാനത്തിന് പരിസരത്തുണ്ടായ ആദ്യ ചാവേറാക്രമണത്തില്‍ രണ്ടു സുരക്ഷാഭടന്മാര്‍ക്ക് നിസ്സാര പരിക്കേറ്റു. കോണ്‍സുലേറ്റിനടുത്ത സുലൈമാന്‍ ഫഖീഹ് ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.15നാണ് സംഭവം. കോണ്‍സുലേറ്റിനടുത്ത പള്ളിക്കടുത്താണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ചാവേറിന്‍െറ ശരീരം ചിന്നിച്ചിതറി. പാര്‍ക്കിങ്ങിനടുത്ത് ഫലസ്തീന്‍-ഹാഇല്‍ റോഡ് ജങ്ഷനില്‍ സംശയകരമായ നിലയില്‍ ഒരാളെ കണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ സമീപിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്.

ഇയാളുടെ അടുത്തേക്ക് ചെല്ലാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. അമേരിക്കയില്‍ സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നതിനിടെയാണ് കോണ്‍സുലേറ്റിന് സമീപം ആക്രമണമുണ്ടായത്. ചാവേറായി വന്ന യുവാവ് സ്വദേശിയല്ളെന്ന് ആഭ്യന്തര വകുപ്പ് വക്താവ് കേണല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി പറഞ്ഞു. 30 വയസ്സ് തോന്നിക്കുന്ന ഇയാള്‍ രാജ്യത്ത് താമസിക്കുന്ന വിദേശിയാണ്. സ്ഫോടകവസ്തുക്കള്‍ പൊലീസ് നിര്‍വീര്യമാക്കി.

മദീനയില്‍ നോമ്പുതുറ കഴിഞ്ഞയുടനെ പൊലീസ് എയ്ഡ്പോസ്റ്റിന് സമീപമായിരുന്നു മറ്റൊരു സ്ഫോടനം. തിങ്കളാഴ്ച വൈകീട്ട് 7.20ഓടെ ബഖിയ ഖബര്‍സ്ഥാന് സമീപമുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. പരിസരത്തെ വാഹനങ്ങള്‍ അഗ്നിക്കിരയായി. നോമ്പുതുറക്കുന്ന സമയമായതിനാല്‍ ഹറം മുറ്റത്തും പരിസരത്തും നിറയെ ആളുകളുണ്ടായിരുന്നു. വന്‍ശബ്ദവും പുകപടലങ്ങളും പരിഭ്രാന്തി പരത്തി. കിഴക്കന്‍ പ്രവിശ്യയിലെ ഖതീ ഫില്‍ ഫറജ് അല്‍ഉംറാന്‍ പള്ളിക്ക് സമീപം ചാവേര്‍ പൊട്ടിത്തെറിച്ചു. പരിസരത്ത് നിര്‍ത്തിയിട്ട ഏതാനും കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.