സൗദിയില്‍ ബിന്‍ ലാദന്‍ കമ്പനിയിലെ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഏഴ് ബസുകള്‍ക്ക് തീയിട്ടു

11:22am 3/5/2016

ചെറിയാന്‍ കിടങ്ങന്നൂര്‍.
1462190291_1462190291_bus
ജിദ്ദ: സൗദി അറേബ്യയിലെ ബിന്‍ ലാദന്‍ കമ്പനിയില്‍ മാസങ്ങളായി വേതനം ലഭിക്കാത്തതിനെ തുടര്‍ന്ന് ബിന്‍ ലാദന്‍ കമ്പനിയുടെ ഏഴ് ബസുകള്‍ തീയിട്ടു നശിപ്പിച്ചു. കമ്പനിയുടെ താമസസ്ഥലത്ത് നിര്‍ത്തിയിട്ട ബസുകളാണ് തൊഴിലാളികള്‍ അഗ്‌നിക്കിരയാക്കിയത്. ബസുകള്‍ക്ക് തീ ഇട്ടു വെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് മക്ക സിവില്‍ ഡിഫന്‍സ് എത്തിയാണ് തീ അണച്ചത്. ആളപായം ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മക്ക പ്രവശ്യ സിവില്‍ ഡിഫന്‍സ് വ്യക്താവ് മേജര്‍ നായിഫ് അല്‍ ശരീഫ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ ,കരാര്‍ കമ്പനികളില്‍ ഒന്നായ ബിന്‍ ലാദ നില്‍ കഴിഞ്ഞ ആറ് മാസത്തോളം ശമ്പളം ലഭിക്കാതെ വന്ന തൊഴിലാളികളില്‍ ചിലരാണ് അക്രമാസക്തരായതെന്നാണ് പ്രാഥമിക നിഗമനം .കഴിഞ്ഞ ദിവസം 50,000 ത്തോളം പേര്‍ക്കാണ് പിരിച്ചു വിടല്‍ നോട്ടീസ് കമ്പനി നല്‍കിയത്. പിരിച്ചുവിട്ടവരില്‍ സൗദികളും വിദേശികളും ഉണ്ട്.
എന്നാല്‍ ഇവരില്‍ ഭൂരിഭാഗം തൊഴിലാളികളും ശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചെങ്കില്‍ മാത്രമേ സ്വദേശങ്ങളിലേക്ക് മടങ്ങൂ എന്നുളള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. ശമ്പളം ഉടന്‍ തങ്ങള്‍ക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അല്‍ സലാമ ഡിസ്ട്രിക്ടില്‍ കമ്പനി ഓഫീസിനു മുമ്പില്‍ തടിച്ചുകൂടിയ തൊഴിലാളികളില്‍ ചിലര്‍ കഴിഞ്ഞ ദിവസം നിര്‍ത്തിയിട്ടിരുന്ന കമ്പനി ബസിന്റെ ചില്ലും വാതിലുകളും അടിച്ചു തകര്‍ത്തിരുന്നു.
വേതന കുടിശിക തേടി സൗദിയിലെ വിവിധ നഗരങ്ങളിലെ ബിന്‍ ലാദന്‍ കമ്പനി ആസ്ഥാനങ്ങളില്‍ ജോലിക്കാര്‍ ദിവസേന ഒത്തുചേരുന്നുണ്ട് .വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനി മുഴുവന്‍ തൊഴിലാളികളുടെ ശമ്പള കുടിശികയും ആനുകൂല്യങ്ങളും തീര്‍ത്ത് നല്‍കുന്നതിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധിക്കുകയില്ല. കഴിഞ്ഞ വര്‍ഷം മക്കയിലെ ക്രെയിന്‍ അപകടത്തെ തുടര്‍ന്ന് 111 പേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് ബിന്‍ ലാദന്‍ കമ്പനിയെ കരാറില്‍ നിന്ന് വിലക്കിയത്. സൗദിയില്‍ കമ്പനികള്‍ ഏറ്റെടുത്ത എല്ലാ കരാറുകളും മുടങ്ങിയ സാഹചര്യത്തില്‍ എങ്ങനെ തങ്ങള്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്നുളള ആശങ്കയിലാണ് തൊഴിലാളികള്‍.