സൗദി തൊഴില്‍ പ്രതിസന്ധി:പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഊര്‍ജിതം

12;05pm 3/8/2016

download (2)
ജിദ്ദ: സൗദിയില്‍ തൊഴില്‍ പ്രതിസന്ധി നേരിടുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഊര്‍ജിതം. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് ചൊവ്വാഴ്ച സൗദി തൊഴില്‍ മന്ത്രാലയത്തിലെയും വിദേശകാര്യവകുപ്പിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
സൗദി ഓജര്‍ കമ്പനിയില്‍ ശമ്പളം കിട്ടാതെ ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സൗജന്യമായി തിരിച്ചറിയല്‍ കാര്‍ഡ് (ഇഖാമ) പുതുക്കി നല്‍കുന്നതുള്‍പെടെയുള്ള കാര്യങ്ങളില്‍ തൊഴില്‍ മന്ത്രാലയം അനുകൂല നിലപാട് സ്വീകരിക്കുമെന്ന് അറിയിച്ചതായി മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് പറഞ്ഞു. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് സൗദി ലേബര്‍ കോടതിയില്‍ ആനുകൂല്യവും ശമ്പളകുടിശ്ശികയും കിട്ടാനുള്ളത് സംബന്ധിച്ച് പരാതി നല്‍കാം. കേസ് നടത്തിപ്പിന് എംബസിയെ ചുമതലപ്പെടുത്താം. ഈ രണ്ട് കാര്യങ്ങളിലാണ് ധാരണയായത്. തൊഴില്‍ വകുപ്പിലെ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അല്‍ ഒലയ്യാനുമായിട്ടാണ് കോണ്‍സല്‍ ജനറല്‍ കൂടിക്കാഴ്ച നടത്തിയത്.
വിദേശകാര്യവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ആദില്‍ അബ്ദുറഹ്മാന്‍ ഭക്ഷുമായും അദ്ദേഹം ചര്‍ച്ച നടത്തി. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നേരില്‍ മനസ്സിലാക്കുന്നതിനും പരിഹാരം കാണുന്നതിനും ഇന്ത്യന്‍ വിദേശകാര്യസഹമന്ത്രി വി.കെ.സിങ് ജിദ്ദയിലത്തെുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ് ഉള്‍പെടെയുള്ളവരുമായി അദ്ദേഹം പ്രശ്നങ്ങള്‍ വിശകലനം ചെയ്യും. മന്ത്രി ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. 2450 തൊഴിലാളികളാണ് ജിദ്ദ മേഖലയിലെ ക്യാമ്പുകളില്‍ കഴിയുന്നത്. ഇതില്‍ 72 മലയാളികള്‍ ഉണ്ടെന്നാണ് കണക്ക്.