സൗദി സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ 12 പേരും പാക് പൗരന്മാര്‍

10:12am 08/7/2016
download (9)

ദുബായി: സൗദി അറേബ്യയിലെ മൂന്നു ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 പേരില്‍ 12 പേരും പാക്കിസ്ഥാന്‍ പൗരന്മാരാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. പ്രവാചകപള്ളി സ്ഥിതി ചെയ്യുന്ന മദീനയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച ചാവേര്‍ സൗദി പൗരനായ നയീര്‍ മുസ്‌ലിം ഹമദാണ്. ഇയാള്‍ ലഹരി മരുന്നിന് അടിമയായിരുന്നെന്നും സൗദി അധികൃതര്‍ വെളിപ്പെടുത്തി.

ഷിയാകള്‍ക്കു പ്രാമുഖ്യമുള്ള ഖാത്തിഫ് നഗരത്തിലെ ഷിയാ മോസ്‌കിനു സമീപമുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. അബ്ദുള്‍റഹ്മാന്‍ അല്‍ ഖമര്‍(23), ഇബ്രാഹിം അല്‍ ഖമര്‍(20), അബ്ദുല്‍ കരീം അല്‍-ഹുസ്‌നി(20) എന്നിവരാണ് പിടിയിലായത്. എന്നാല്‍ ഇവരുടെ പൗരത്വത്തെ സംബന്ധിച്ച് വ്യക്തയില്ലെന്നും സൗദി അധികൃതര്‍ അറിയിച്ചു.

ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിനു സമീപം തിങ്കളാഴ്ച പൊട്ടിത്തെറിച്ച ചാവേര്‍ ഭടന്‍ പാക് സ്വദേശിയാണെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൂന്ന് ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഐഎസിനെയാണു സംശയം.