സൗഹൃദം ഊട്ടിയുറപ്പിച്ച് അമീര്‍ മുഹമ്മദിന്‍െറ അമേരിക്കന്‍ പര്യടനം

01:15PM 21/06/2016
Untitled-2_8
റിയാദ്: സൗഹൃദം ഊട്ടിയുറപ്പിച്ച് തന്ത്രപ്രധാന വിഷയങ്ങളില്‍ സഹകരണം ഉറപ്പു വരുത്തി രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍െറ അമേരിക്കന്‍ സന്ദര്‍ശനം. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ബറാക് ഒബാമയുമായും വിദേശ കാര്യ സെക്രട്ടറി ജോണ്‍ കെറിയുമായും അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തി. സിറിയ, യമന്‍ തുടങ്ങി അറബ് മേഖലയിലെ പ്രശ്നങ്ങളും ഇറാന്‍െറ ഇടപെടലുകളുമെല്ലാം ചര്‍ച്ചയില്‍ വന്നു. സിറിയന്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും ഒരേ നിലപാടുകാരാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ വ്യക്തമാക്കി. ക്രിയാത്കമകമായ ചര്‍ച്ചകളാണ് നടന്നതെന്നും സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള സൗദിയുടെ ശ്രമങ്ങള്‍ക്ക് അമേരിക്ക പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയന്‍ ഭരണാധികാരി ബശ്ശാറുല്‍ അസദിനെ മാറ്റണമെന്നും പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരമുണ്ടാകണമെന്നുമാണ് ഇരു രാജ്യങ്ങളുടെയും യോജിച്ച നിലപാട്. രാഷ്ട്രീയമായോ ബലം പ്രയോഗിച്ചോ ബശ്ശാറിനെ മാറ്റാതെ സിറിയന്‍ പ്രശ്നത്തിന് പരിഹാരമുണ്ടാവില്ല. യമനിലും രാഷ്ട്രീയമായ പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും ആദില്‍ ജുബൈര്‍ പറഞ്ഞു. അതേസമയം, മേഖലയിലെ ഇറാന്‍െറ ഇടപെടലിനെതിരെ സൗദിയുടെ നിലപാട് അമീര്‍ മുഹമ്മദ് ചര്‍ച്ചകളില്‍ ആവര്‍ത്തിച്ചു. ഇറാന്‍ വിപ്ളവം കയറ്റുമതി ചെയ്യുകയാണെന്നും ഭീകരതയും മറ്റു രാജ്യങ്ങളുടെ സുരക്ഷയും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആദില്‍ ജുബൈര്‍ മാധ്യമങ്ങളോട് പറഞ്ഞത് സൗദി നിലപാടില്‍ മാറ്റമില്ളെന്നതിന്‍െറ സൂചനയാണ്. അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയെന്ന സ്ഥാനം ഒരിക്കല്‍ കൂടി അരക്കിട്ട് ഉറപ്പിച്ചാണ് അമീര്‍ മുഹമ്മദ് മടങ്ങുന്നത്. വാണിജ്യ സെക്രട്ടറിമാരുമായും വ്യാപാര രംഗത്തുള്ള പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന്‍െറ സംഘത്തിലുള്ള മന്ത്രിമാരും നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. സൗദിയുടെ വിഷന്‍ 2030നും അതിന് മുന്നോടിയായി നടത്തുന്ന ദേശീയ പരിവര്‍ത്തന പദ്ധതി 2020 നും അമേരിക്ക പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. ദീര്‍ഘനാളായി നില നില്‍ക്കുന്ന തന്ത്ര പ്രധാന ബന്ധം ശക്തിപ്പെടുത്താന്‍ അമീര്‍ മുഹമ്മദിന്‍െറ സന്ദര്‍ശനം വഴിവെക്കുമെന്ന് ഭീകര വിരുദ്ധ പോരാട്ടങ്ങളിലും സുരക്ഷ കാര്യങ്ങളിലൂം ഉപദേശകയായ ഫ്രാന്‍ ടൗണ്‍സെന്‍ഡ് അഭിപ്രായപ്പെട്ടു. സന്ദര്‍ശനത്തിന് അമേരിക്കന്‍ ഭരണകൂടം അതിയായ പ്രധാന്യമാണ് നല്‍കിയിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ ഉപരി പഠനം നടത്തുന്ന സൗദി വിദ്യാര്‍ഥികളുമായും അമീര്‍ മുഹമ്മദ് കൂടിക്കാഴ്ച നടത്തി. അവരോടൊപ്പം സെല്‍ഫിയെടുക്കാനും കുശലം പറയാനും അദ്ദേഹം സമയം കണ്ടത്തെി. ഉപരി പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.