സർക്കാർ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ കയറിയ രണ്ടു ഭീകരരെയും വധിച്ചെന്നും ഓപ്പറേഷൻ അവസാനിച്ചെന്നും കരസേന

09:30 am 13/10/2016

images (2)

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോറിൽ സർക്കാർ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ കയറിയ രണ്ടു ഭീകരരെയും വധിച്ചെന്നും ഓപ്പറേഷൻ അവസാനിച്ചെന്നും കരസേന അറിയിച്ചു. ലഷ്ക്കർ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് സേന സ്ഥിരീകരിച്ചു. പാംപോറിൽ 58 മണിക്കൂർ നീണ്ടു നിന്ന ഏറ്റുമുട്ടലിനു ശേഷമാണ് കരസേന സർക്കാർ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ കയറിയ ഭീകരരെ കീഴ്പ്പെടുത്തിയത്.
80 മുറികളും 60 കുളിമുറികളും ഉള്ള കെട്ടിടത്തിൽ ഭീകരർ ഒളിച്ചതിനാൽ ഏറെ കൗശലം ആവശ്യമായ ഓപ്പറേഷനായിരുന്നു ഇതെന്ന് കരസേന വ്യക്തമാക്കി. ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടം തകർക്കാതെ ചില്ലുകൾ പുറത്തു നിന്ന് തകർത്ത സേന ഡ്രോണുകൾ ഉപയോഗിച്ച് ഭീകരർ എവിടെയാണെന്ന് മനസ്സിലാക്കി റോക്കറ്റും ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു. രണ്ട് ഭീകരരുടെ മൃതദ്ദേഹം കിട്ടി. ഇവർ കൊണ്ടു വന്ന ആയുധങ്ങളും പിടിച്ചെടുത്തു. ജമ്മു കശ്മീരിന്റെ അഭിമാനമായ കെട്ടിടം പൂർണ്ണമായും തകരാതെ നോക്കാനായിരുന്നു സേനയുടെ ശ്രമം ലഷ്ക്കർ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് കരസേന അറിയിച്ചു.
ഇതിനിടെ പാക് അധീന കശ്മീരിലെ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിടേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചു. കരസേന ഇക്കാര്യത്തിൽ അന്തിമ തീരുമാനം നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിന് വിട്ടിരുന്നു. ഇന്ത്യ മുമ്പും മിന്നലാക്രമണം നടത്തിയിരുന്നു എന്ന വാദം തള്ളി പ്രതിരോധമന്ത്രി മനോഹർ പരീക്കർ രംഗത്തു വന്നു. തന്റെ അറിവിൽ നിയന്ത്രണ രേഖ കടന്ന് ഇത് ആദ്യത്തെ ആക്രമണമാണെന്നും പരീക്കർ വ്യക്തമാക്കി.
അതേസമയം, സൈന്യമാണ് ആക്രമണം നടത്തിയതെങ്കിലും നിര്‍ണായക തീരുമാനമെടുത്തത് സര്‍ക്കാരാണെന്നും അതിനാല്‍തന്നെ പ്രധാനമന്ത്രിക്കാണ് ഇതിന്റെ ഖ്യാതി പോകേണ്ടതെനുമുള്ള പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സേനാ നടപടി ബിജെപി രാഷ്ട്രീയ ലക്ഷ്യത്തിന് ഉപയോഗിക്കുന്നതിന് തെളിവാണെന്ന് കോൺഗ്രസ് ആരോപിച്ചു.