ഹജ്ജ്; നെടുമ്പാശ്ശേരിയില്‍ നിന്നും ഇത്തവണ 10395 യാത്രയാക്കാര്‍

12.04 AM 25-07-2016
hajj-kaabah

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി നെടുമ്പാശ്ശേരിയില്‍ നിന്നും യാത്രയാകാന്‍ തയ്യാറായി 10395 പേര്‍. ഇതില്‍ 10114 പേര്‍ കേരളത്തില്‍ നിന്നും 255 പേര്‍ ലക്ഷദ്വീപില്‍ നിന്നും 26 പേര്‍ മാഹിയില്‍ നിന്നുമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഒഴിവ് വരുന്ന സീറ്റുകളില്‍ നിന്നും ഏതാനും സീറ്റുകള്‍ കൂടി സംസ്ഥാനത്തിന് അനുവദിക്കുന്നതോടെ കാത്തിരിപ്പു പട്ടികയിലെ കുറച്ച് പേര്‍ക്ക് കൂടി ഹജിന് പുറപ്പെടാന്‍ അവസരം ഒരുങ്ങും. നെടുമ്പാശ്ശേരിയില്‍ നിന്നും 10400 പേരുടെ യാത്രക്കുള്ള വിമാനസര്‍വ്വീസാണ് ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കൂടുതലായി ലഭിക്കുന്ന സീറ്റുകളിലേക്ക് സഊദി എയര്‍ലൈന്‍സിന്റെ ഒരു സര്‍വ്വീസ് കൂടി നെടുമ്പാശ്ശേരിയില്‍ നിന്നും അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റിയുടെ കീഴിലാണ് ദ്വീപില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ യാത്രക്കായി നെടുമ്പാശ്ശേരിയിലെത്തുക. കേരളത്തില്‍ നിന്നും ഹജ്ജ് എം ബാര്‍ക്കേഷന്‍ പോയന്റ് ആരംഭിച്ചത് മുതല്‍ ലക്ഷദ്വീപില്‍ നിന്നും മാഹിയില്‍ നിന്നുമുള്ള തീര്‍ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യാത്രാ സൗകര്യം ഒരുക്കുന്നത്.പോണ്ടിച്ചേരി ഹജ്ജ് കമ്മിറ്റി വഴി അപേക്ഷ നല്‍കിയവരാണ് മാഹിയില്‍ നിന്നുള്ള തീര്‍ഥാടകര്‍. യാത്രാ സൗകര്യം കണക്കിലെടുത്താണ് ഇവര്‍ക്ക് കേരളത്തില്‍ നിന്നുള്ള എംബാര്‍ക്കേഷന്‍ പോയന്റ് വഴി യാത്രാ ചെയ്യാന്‍ അവസരം ഒരുക്കുന്നത്.നെടുമ്പാശ്ശേരിയില്‍ നിന്നും ജിദ്ദയില്‍ എത്തുന്ന തീര്‍ഥാടകര്‍ മക്കയിലാണ് ആദ്യം എത്തുക.ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവര്‍ മദീനയിലേക്ക് പോകും.മദീന വിമാനത്താവളത്തില്‍ നിന്നാണ് ഇവരുടെ മടക്കയാത്ര.തീര്‍ഥാടകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി സംസ്ഥാനത്ത് നിന്നുള്ള 50 ഹജ്ജ് വളണ്ടിയര്‍മാരും പുണ്യഭൂമിയില്‍ എത്തും.200 മുതല്‍ 225 തീര്‍ഥാടകര്‍ വരെയാണ് ഓരോ വളണ്ടിയര്‍മാരുടെയും ഗ്രൂപ്പില്‍ ഉണ്ടാകുക.ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 5 വരെയാണ് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള വിമാനസര്‍വ്വീസുകള്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 14 വരെയാണ് ഹാജിമാരുടെ മടക്കയാത്ര.37 ദിവസം മുതല്‍ 40 ദിവസം വരെയാണ് ഹജ്ജ് കര്‍മ്മങ്ങള്‍ക്കും മദീന സന്ദര്‍ശനത്തിനുമായി തീര്‍ഥാടകര്‍ സൗദിയില്‍ തങ്ങുന്നത്. ഓരോ തീര്‍ഥാടകരും യാത്ര പുറപ്പെടുന്ന തീയതി അടങ്ങിയ തീര്‍ഥാടകരുടെ യാത്രാ സംബന്ധമായ വിശദമായ വിവരങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഇനിയും ലഭ്യമായിട്ടില്ല.