ഹഡ്‌സണ്‍­വാലി മലയാളി അസോസിയേഷന്റെ തിരുവോണാഘോഷം കെങ്കേമമായി –

09:06 pm 27/9/2016

ജയപ്രകാശ് നായര്‍
Newsimg1_43760853
ന്യൂയോര്‍ക്ക് : റോക്ക്‌­ലന്റിലെ മലയാളികളുടെ സംഘടനയായ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ 24 ശനിയാഴ്ച രാവിലെ 11:00 മണിമുതല്‍ വെസ്റ്റ് ന്യായക്കിലുള്ള റിഫോംഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വിപുലമായി ആഘോഷിച്ചു.

വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മഹാബലിത്തമ്പുരാനെ വേദിയിലേക്ക് ആനയിച്ചതോടെ പരിപാടികള്‍ക്ക് തുടക്കമായി. നിയുക്ത പ്രസിഡന്റ് ലൈസി അലക്‌സിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ തിരുവാതിര എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. മഹാബലിയായി വേഷമിട്ട തമ്പി പനയ്ക്കല്‍ ഓണാശംസകള്‍ നേര്‍ന്നു. ചെണ്ട മേളത്തില്‍ കുരിയാക്കോസ് തരിയന്‍, ഷാജി ജോര്‍ജ്, ജയപ്രകാശ് നായര്‍, ഇന്നസെന്റ് ഉലഹന്നാന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രസിഡന്റ് അലക്‌­സാണ്ടര്‍ പൊടിമണ്ണില്‍, സെക്രട്ടറി അജിന്‍ ആന്റണി, ട്രഷറര്‍ ചെറിയാന്‍ ഡേവിഡ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് താമരവേലില്‍, മഹാബലിയായി വേഷമിട്ട തമ്പി പനയ്ക്കല്‍, ഫൊക്കാനയെ പ്രതിനിധീകരിച്ചു ഫിലാഡല്‍ഫിയയില്‍ നിന്നെത്തിയ സുധാ കര്‍ത്ത എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് കലാപരിപാടികള്‍ ആരംഭിച്ചു. വിദ്യാജ്യോതി മലയാളം സ്­കൂളിലെ കുട്ടികളും ജിയ വിന്‍സന്റും ചേര്‍ന്ന് അമേരിക്കയുടെയും ഭാരതത്തിന്റെയും ദേശീയ ഗാനം ആലപിച്ചു. സെക്രട്ടറി അജിന്‍ ആന്റണി ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് അലക്‌­സാണ്ടര്‍ പൊടിമണ്ണില്‍ സ്വാഗതമാശംസിക്കുകയും എല്ലാവര്‍ക്കും മംഗളങ്ങള്‍ നേരുകയും ചെയ്തു. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് താമരവേലില്‍ ഓണാശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.

മുഖ്യാതിഥിയായി പങ്കെടുത്ത ഡോ. തോമസ് പാലയ്ക്കല്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വിജ്ഞാനപ്രദമായ ഒരു പ്രഭാഷണം ചെയ്തു. അദ്ദേഹം തന്റെ പ്രസംഗത്തില്‍ മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന്‍ ഒരിക്കലും സത്യസന്ധനും പ്രജാവത്സലനുമായ ഒരു മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുകയില്ല നേരെ മറിച്ചു മഹാബലിയെ അനുഗ്രഹിച്ചു സുതലത്തിലേക്ക് ഉയര്‍ത്തുകയാണുണ്ടായത് എന്നും ഉദ്‌­ബോധിപ്പിച്ചു. ആ ദിനമാണ് നമ്മള്‍ ഓണം ആഘോഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഹഡ്‌സണ്‍­വാലി മലയാളി അസോസിയേഷന്റെ മുഖപത്രമായ കേരള ജ്യോതിയുടെ ഈ വര്‍ഷത്തെ ആദ്യ ലക്കം പ്രസിഡന്റ് അലക്‌­സാണ്ടര്‍ പൊടിമണ്ണില്‍ മുഖ്യാതിഥി ഡോ. തോമസ് പാലക്കലിന് നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. ചീഫ് എഡിറ്റര്‍ ജയപ്രകാശ് നായരോടൊപ്പം എഡിറ്റോറിയല്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ച പോള്‍ കറുകപ്പിള്ളില്‍, ഫിലിപ്പോസ് ഫിലിപ്പ്, ഇന്നസെന്റ് ഉലഹന്നാന്‍ എന്നിവരെ പ്രസിഡന്റ് അലക്‌­സാണ്ടര്‍ പൊടിമണ്ണില്‍ അഭിനന്ദിച്ചു.

മാളവിക പണിക്കര്‍ കാഴ്ച്ച വെച്ച കേരളത്തിന്റെ തനതായ കലയായ മോഹിനിയാട്ടം കാണികളുടെ മനം കവര്‍ന്നു.

എല്‍­മ്­­സ്‌­ഫോര്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാട്യ മുദ്ര സ്­കൂള്‍ ഓഫ് ഡാന്‍സിലെ അധ്യാപിക ലിസ ജോസഫിന്റെ ശിക്ഷണത്തില്‍ നൃത്തങ്ങള്‍ അഭ്യസിച്ച കുട്ടികളുടെ നൃത്തനൃത്യങ്ങളായിരുന്നു പരിപാടിയിലെ മുഖ്യ ഇനം.

ജിയ വിന്‍സന്റ്, സജി ചെറിയാന്‍, ലൗലി മാത്യു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചപ്പോള്‍, രാധാ മുകുന്ദന്‍ നായര്‍ മനോഹരമായി ഒരു കവിത ആലപിച്ചു. തമ്പി പനയ്ക്കലും സംഘവും അവതരിപ്പിച്ച ലഘു ഹാസ്യ നാടകം ഹൃദ്യമായി.

ജയപ്രകാശ് നായര്‍, സജി പോത്തന്‍, റോയ് ആന്റണി, പോള്‍ ആന്റണി, തമ്പി പനയ്ക്കല്‍, അലക്‌സ് തോമസ് എന്നിവര്‍ പരിപാടിയുടെ കോ­ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍