ഹഡ്‌സണ്‍­വാലി മലയാളി അസോസിയേഷന്‍ കുടുംബസംഗമത്തില്‍ ഗ്രാജ്വേറ്റുകളെ അനുമോദിച്ചു

09:50 am 20/8/2106

– ജയപ്രകാശ് നായര്‍

Newsimg1_36978994

ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍­വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ കുടുംബസംഗമത്തില്‍ വെച്ച് ഹൈസ്­കൂള്‍ ഗ്രാജ്വേറ്റുകളെ അനുമോദിച്ചു. ആഗസ്റ്റ് 7 ഞായറാഴ്ച്ച വൈകിട്ട് 6 മണി മുതല്‍ ഓറഞ്ചുബര്‍ഗിലെ സിത്താര്‍ പാലസ് റസ്‌റ്റോറന്റില്‍ വെച്ചായിരുന്നു സംഗമം.

സ്റ്റാന്‍ലിന്‍ അലക്‌­സാണ്ടറുടെ ദേശീയ ഗാനാലാപത്തോടെ പരിപാടികള്‍ക്ക് തുറ്റക്കം കുറിച്ചു. ചടങ്ങില്‍ സണ്‍ഷൈന്‍ ഹോം കെയര്‍ ഗ്രൂപ്പ് സി.ഇ.ഒ. ഡോ. ഫ്രാന്‍സിസ് ക്ലെമന്റ്, കോ ഹെല്‍ത്ത് അര്‍ജന്റ് കെയര്‍ ഗ്രൂപ്പ് സി.ഇ.ഒ. ഗ്രേഷ്യസ് ജോണ്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഭാവി സുരക്ഷിതമാക്കുവാന്‍ കഴിയുകയുള്ളുവെന്ന് ഡോ. ഫ്രാന്‍സിസ് ക്ലെമന്റ് തന്റെ പ്രസംഗത്തില്‍ ഉദ്‌­ബോധിപ്പിച്ചു. കോളേജിലേക്ക് പ്രവേശനം കിട്ടി വീട് വിട്ട് പുതിയ ചുറ്റുപാടുകളിലേക്ക് പറിച്ചു നടുമ്പോള്‍ കിട്ടുന്ന സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്താതെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കണമെന്ന് ഗ്രേഷ്യസ് ജോണ്‍ ഗ്രാജ്വേറ്റുകളെ ഉപദേശിച്ചു.

ഗ്രാജ്വേറ്റുകള്‍ക്ക് അസോസിയേഷന്റെ സര്‍ട്ടിഫിക്കറ്റ് കൂടാതെ റോക്ക്‌­ലാന്റ് കൗണ്ടി നല്‍കിയ സര്‍ട്ടിഫിക്കറ്റും നല്‍കുകയുണ്ടായി. ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ ആണ് കൗണ്ടി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്.

അലക്‌സ് എബ്രഹാമും ഇന്നസെന്റ് ഉലഹന്നാനും കോ­ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു. പ്രസിഡന്റ് അലക്‌­സാണ്ടര്‍ പൊടിമണ്ണില്‍, സെക്രട്ടറി അജിന്‍ ആന്റണി, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് താമരവേലില്‍, വിദ്യാജ്യോതി മലയാളം സ്­കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടഞ്ചിറ എന്നിവര്‍ ഗ്രാജ്വേറ്റുകളെ അനുമോദിച്ചുകൊണ്ട് സംസാരിച്ചു.

ഫൊക്കാന കണ്‍വന്‍ഷനില്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത്­ വിജയം വരിച്ച അസോസിയേഷനില്‍ നിന്നുള്ളവരെ ചടങ്ങില്‍ അഭിനന്ദിച്ചു. വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ചു ജെഫിന്‍ ജെയിംസ് സംസാരിച്ചു.

വിവിധ കലാപരിപാടികളോടെ നടന്ന കുടുംബസംഗമത്തില്‍ വളരെയധികം ആളുകള്‍ പങ്കെടുത്തു. കുട്ടികളുടെ നൃത്തനൃത്യങ്ങള്‍, ഗാനങ്ങള്‍ എന്നിവ ചടങ്ങുകള്‍ക്ക് മാറ്റു കൂട്ടി.

സെക്രട്ടറി അജിന്‍ ആന്റണിയുടെ നന്ദിപ്രകാശനത്തോടെ പരിപാടികള്‍ക്ക് തിരശീല വീണു.