ഹരിത ട്രൈബ്യൂണലില്‍ അടക്കുന്ന തുക പിഴയല്ല, നഷ്ടപരിഹാരം -ശ്രീ ശ്രീ രവിശങ്കര്‍

03:40pm 14/3/2016

images (3)

ന്യൂഡല്‍ഹി: ദേശീയ ഹരിത ട്രൈബ്യൂണലില്‍ അടക്കുന്ന തുക പിഴയല്ല, നഷ്ടപരിഹാരമാണെന്ന് ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. ‘തുക നല്‍കുന്നത് പിഴയായിട്ടല്ല, യമുന നദിയുടെ വികസനത്തിനു വേണ്ടിയാണെന്ന് എനിക്ക് വ്യക്തമാക്കേണ്ടതുണ്ട്. പിഴ അടക്കേണ്ട കാര്യവുമില്ല, കാരണം ഞാന്‍ പരിസ്ഥിതിക്കെതിരായി ഒന്നും ചെയ്തിട്ടില്ല’ -രവിശങ്കര്‍ പറഞ്ഞു.

യമുനാ തീരത്ത് ലോക സാംസ്‌കാരിക മഹോത്സവം നടത്തിയത് വഴി പരിസ്ഥിതിക്ക് ദോഷമുണ്ടായെന്ന വിമര്‍ശത്തില്‍ അഞ്ചു കോടി രൂപ പിഴയടക്കാന്‍ ശ്രീ ശ്രീ രവിശങ്കറിനോട് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. നേരത്തെ ടൈബ്യൂണലിന്റെ വിധിയെ വെല്ലുവിളിച്ച് താന്‍ ജയിലില്‍ പോയാലും പിഴയടക്കില്‌ളെന്ന് രവിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നെങ്കിലും പിന്നീട് 25 ലക്ഷം ആദ്യം നല്‍കാമെന്നും മൂന്ന് ആഴ്ചകളായി ബാക്കി തുക അടക്കാമെന്നും സമ്മതിക്കുകയായിരുന്നു.

യമുനാനദി തീരത്ത് നടത്തിയ പരിപാടിയുടെ പേരില്‍ അഭുമുഖീകരിക്കേണ്ടിവന്ന വിമര്‍ശങ്ങളെ കുറിച്ച് ചിന്തിക്കുന്നില്‌ളെന്നും ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം തെരഞ്ഞെടുക്കാതിരുന്നത് വലുപ്പക്കുറവ് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.