06:36pm 31/5/2016
കൊച്ചി: സംസ്ഥാനത്ത് മാത്രം 2000 സി സി ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയുള്ള ഹരിത ട്രൈബ്യൂണല്‍ വിധിയില്‍ പ്രതിഷേധിച്ച് 12 ന് അര്‍ധ രാത്രി മുതല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോറികള്‍ കേരളത്തിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് കോര്‍ഡിനേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.ഈ മാസം നാലിന് മുമ്പായി നടത്തുന്ന സര്‍ക്കാര്‍ തല ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ കേരളത്തിലെ ലോറി ഉടമകളും സര്‍വ്വീസ് നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരത്തില്‍ പങ്കാളികളാകുമെന്ന് ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന് സംസ്ഥാന സെക്രട്ടറി കെ.കെ. ഹംസയും പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിലൊന്നും ഈ നിയമം നടപ്പാക്കിയില്ലെന്നിരിക്കെ കേരളത്തില്‍ മാത്രം നിരോധനം ഏര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണല്‍ വിധി വിരോധാഭാസമാണ്. 2000 സിസി എന്‍ജിനുള്ള പത്ത് വര്‍ഷത്തിനുമുകളിലുള്ള വാഹനങ്ങള്‍ നിരോധിക്കുന്നത് വന്‍ കിട വാഹന നിര്‍മ്മാണ കമ്പനി ലോബികളെ സഹായിക്കാന്‍ വേണ്ടിയാണ്. പുതുതായി അധികാരത്തിലെത്തിയ സംസ്ഥാന സര്‍ക്കാരിനെ ഇക്കാര്യത്തില്‍ കുറ്റം പറയാനാകില്ല. കേന്ദ്രസര്‍ക്കാരാണ് ഇതില്‍ ഇടപെടേണ്ടത്. എന്നാല്‍ കേരളത്തില്‍ മാത്രം നിരോധനമേര്‍പ്പെടുത്തിയ ഈ ഉത്തരവ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കാന്‍ തയാറാകണം. ഈ നിയമം നടപ്പിലായാല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളും ലോറികളും ട്രക്കുകളും മന്ത്രിമാരുടെ വാഹനങ്ങളും ഫയര്‍ഫോഴ്സ് യൂണിറ്റുകളും വരെ മാറ്റേണ്ടി വരും. സംസ്ഥാനത്ത് ഇത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. ഉപഭോക്തൃസംസ്ഥാനമായ കേരളത്തിലേക്ക് നിത്യോപയോഗ സാധനങ്ങള്‍ എത്താതിരിക്കുകയും വിലക്കയറ്റവും തൊഴില്‍ നഷ്ടപ്പെടലുമുള്‍പ്പെടെ ദൂരവ്യാപക പ്രത്യാഘാദങ്ങള്ക്കുമിടയാക്കും. ഡല്‍ഹിയില്‍ പത്ത് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ച ഇന്ധനമാറ്റത്തിനുശേഷം നടപ്പാക്കിയ നിരോധനം കേരളത്തില്‍ പത്ത് ദിവസം കൊണ്ട് ഒരു മുന്നൊരുക്കവുമില്ലാതെ ഏര്‍പ്പെടുത്തിയിരിക്കുന്നത് പ്രാവര്‍ത്തികമാക്കുന്നത് പ്രായോഗികമല്ല. മലിനീകരണ ഭീഷണികള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നതിന് എതിരല്ല. വാഹനങ്ങളുടെ പഴക്കം നോക്കിയല്ല, അവ പുറം തള്ളുന്ന പുകയിലെ മാലിന്യങ്ങളുടെ അളവ് പരിശോധിക്കുകയും പുകപ്രിശോധന കേന്ദ്രങ്ങള്‍ കാര്യക്ഷമമാക്കുകയുമാണ് വേണ്ടതെന്നും ഭാരാവാഹികള്‍ പറഞ്ഞു.