ഹരിയാനയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും വിദ്യാഭ്യാസം വേണം

12:13pm 31/3/2016
download
ചണ്ഡിഗഡ്: ഹരിയാനയില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇനി വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധം. പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ വിദ്യാഭ്യാസ യോഗ്യത നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിലും ഇതു ബാധകമാക്കി ബുധനാഴ്ച സര്‍ക്കാര്‍ ഉത്തരവിറക്കി. പത്താം ക്ലാസ് വിദ്യാഭ്യാസമാണ് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്.
നേരത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമാക്കിയത് വലിയ വിവാദമായിരുന്നു. ഇത് പിന്നീട് സുപ്രീം കോടതി അന്തിമമായി അംഗീകരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ഇത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ബില്‍ എതിര്‍പ്പില്ലാതെയാണ് പാസായത്.
ഹരിയാന മുനിസിപ്പല്‍ ആക്ട് 1973 ഭേദഗതി ചെയ്തുകൊണ്ട് ഹരിയാന മുനിസിപ്പല്‍ (ഭേദഗതി) ബില്‍, ഹരിയാന മുനിസിപ്പല്‍ കോര്‍പറേഷന്‍(ഭേദഗതി) ബില്‍, 2016 എന്നിവ നിയമസഭ പാസാക്കി. അംഗങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമാക്കിയതോടെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും ഉത്തരവാദിത്തവും വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.