ഹരിയാന മുന്‍ മുഖ്യമന്ത്രിക്കെതിരെ കള്ളപ്പണ നിരോധന നിയപ്രകാരം കേസ്

08:50 am 10/09/2016
images (4)
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡ വീണ്ടും നിയമക്കുരുക്കില്‍. ഗുഡ്ഗാവിലെ മനേസര്‍ ഭൂമി ഏറ്റെടുക്കല്‍ ഇടപാടില്‍ ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തി കര്‍ഷകരെ വഞ്ചിച്ചതിനെതിരെ എന്‍ഫോഴ്സ്മെന്‍റ് കേസെടുത്തു. കര്‍ഷകരെ വഞ്ചിച്ച് 1500 കോടി തട്ടിയെടുത്ത സംഭവത്തില്‍ കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ഹൂഡക്കും കൂട്ടുപ്രതികള്‍ക്കുമെതിരെ കേസെടുത്തത്. നേരത്തേ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്‍െറ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്‍റ് കേസെടുത്ത് ഹരിയാനയിലും ഡല്‍ഹിയിലും കഴിഞ്ഞ ആഴ്ച അന്വേഷണ ഏജന്‍സി പരിശോധന നടത്തിയിരുന്നു. ഭൂമി ഏറ്റെടുക്കലിലൂടെ നടന്നുവെന്ന് പറയപ്പെടുന്ന അഴിമതിപ്പണം കണ്ടത്തെുന്നതിനായിരുന്നു പരിശോധന. പ്രതികള്‍ക്ക് ഉടന്‍ സമന്‍സ് അയക്കുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിര്‍മാണ ലോബിയുമായി ഗൂഢാലോചന നടത്തി മനേസര്‍, നൗറംഗപുര്‍, ലാഖ്നൗല ഗ്രാമങ്ങളിലെ കര്‍ഷകരില്‍നിന്നും ഭൂവുടമകളില്‍നിന്നുമായി 400 ഏക്കര്‍ ഭൂമി തുച്ഛവില നല്‍കി ഭീഷണിപ്പെടുത്തി ഹരിയാന സര്‍ക്കാര്‍ കൈവശപ്പെടുത്തിയെന്ന പരാതിയില്‍ നേരത്തേ സി.ബി.ഐ കേസെടുത്തിരുന്നു. 1500 കോടി രൂപയുടെ നഷ്ടമാണ് മൂന്ന് ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്കും ഭൂവുടമകള്‍ക്കുമുണ്ടായതെന്നും ആരോപണമുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച ഹൂഡയുടെ വീട്ടില്‍ സി.ബി.ഐ നടത്തിയ പരിശോധനയില്‍ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാട് രേഖകള്‍ കണ്ടെടുത്തിരുന്നു.