ഹവായ്-ഗോവ സഹകരണ കരാര്‍ ജൂലൈയില്‍ ഒപ്പുവെക്കും.

02:00pm 25/4/2016
– പി.പി.ചെറിയാന്‍
unnamed
ഹവായ്: വിനോദ സഞ്ചാരികളുടെ പറുദീസയായ അമേരിക്കയിലെ ഹവായ്, ഇന്ത്യയിലെ ഗോവ സംസ്ഥാനങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള കരാറില്‍ ജൂലൈ മാസം ഇരുസംസ്ഥാനങ്ങളിലേയും ഗവര്‍ണ്ണര്‍മാര്‍ ഒപ്പുവെക്കും.

കൃഷി, വിദ്യാഭ്യാസം, ടൂറിസം, സംസ്‌ക്കാരം, സ്‌പോര്‍ട്‌സ്, യോഗാ, ആയുര്‍വേദ തുടങ്ങിയ രംഗങ്ങളില്‍ വികസന സാധ്യത കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ സഹകരിച്ചു നടത്തുക എന്ന ഉദ്യേശത്തോടുകൂടെ സെനറ്റര്‍ ബ്രയാനാണ് ഇങ്ങനെയൊരു പ്രമേയം ഹവായ് നിയമസഭയില്‍ അവതരിപ്പിച്ചത്. സഭയിലെ റിപ്പബ്ലിക്കന്‍- ഡമോക്രാറ്റ് പ്രതിനിധികള്‍ പ്രഥമദിനം തന്നെ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, തുടങ്ങി നിരവധി പേര്‍ സഭയിലെത്തി പ്രമേയത്തെ അനുകൂലിച്ചു അഭിപ്രായം പ്രകടിപ്പിച്ചു.

സഭയിലെ വെറ്ററന്‍, മിലിട്ടറി ഇന്റര്‍ നാഷ്ണല്‍ അഫയേഴ്‌സ്(VMI) കമ്മിറ്റി ഏപ്രില്‍ 14, 2016 ല്‍ പ്രമേയം ഐക്യകണ്‌ഠേന അംഗീകരിച്ചു.

ഹവായ് കോണ്‍ഗ്രസ് വുമന്‍ തുള്‍സി ഗമ്പാഡ്, പിതാവ് സെനറ്റര്‍ മൈക്ക് ഗബാഡ് തുടങ്ങിയവരും പ്രമേയത്തിന് പിന്തുണ നല്‍കിയിരുന്നു.

ഗോവ ചീഫ് മിനിസ്റ്റര്‍ ലക്ഷ്മികാന്ത് പാര്‍സക്കര്‍, ലേബന്‍ ഓഫീസറായി നിയമിച്ച ഡോ.കുമാറിന്റെ നേതൃത്വത്തില്‍ ഔദ്യോഗീക സംഘം കരാര്‍ ഒപ്പിടുന്നതിന് ജൂലായില്‍ എത്തിച്ചേരും. കാലിഫോര്‍ണിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഡോ.കൃഷ്ണറെഡി മുഖ്യാഥിതിയായി പങ്കെടുക്കുന്ന ചടങ്ങില്‍ ഹവായ് ഗവര്‍ണര്‍ ഡേവിഡ് കരാറില്‍ ഒപ്പുവെക്കും. ഇതിനുശേഷം ഹവായില്‍ നിന്നുള്ള വിദഗ്ദസംഘം ഗോവയും, ഗോവയില്‍ നിന്നുള്ള പഠന സംഘം ഹവായിലും സന്ദര്‍ശനം നടത്തും.
ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൗണ്‍സില്‍(IAFC) ഹവായ് ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ ഡോ.രാജ്കുമാറാണ് ഇതിന്റെ പുറകില്‍ പ്രവര്‍ത്തിച്ച പ്രേരകശക്തി.

ഒക്ടോബര്‍ 2, ‘മഹാത്മാഗാന്ധി ഡെ’ ആയി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമെന്ന പദവി കൂടി ഹവായ്ക്കുണ്ട്. ഗാന്ധി ഇന്റര്‍ നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പീസ് സംഘടനയുടെ നേതൃത്വത്തില്‍ ഹവായ് നിയമസഭയില്‍ അവതരിപ്പിച്ച SB332 ബില്‍ ഹവായ് ഗവര്‍ണ്ണര്‍ ഡേവിഡ് ഏപ്രില്‍ 10നാണ് ഒപ്പുവെച്ചത്. ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ലോകത്തിലെ രണ്ട് വലിയ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം വരും നാളുകളില്‍ കൂടുതല്‍ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്