ഹാവ്ഫണ്‍ ആപ്പ് അടുത്ത് മാസം ലോഞ്ച് ചെയ്യും

03:55pm 23/6/2016
download
കൊച്ചി – വീഡിയോ സ്ട്രീമിങ് രംഗത്ത് നെറ്റ് കണക്ഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പുതിയ ആപ് ‘ഹാവ്ഫണ്‍’ ജൂലൈ മാസം ലോഞ്ച് ചെയ്യുമെന്ന് മ്യൂട്ടോടാക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ആപ് ഉപയോക്താക്കള്‍ക്ക് ഓരോ മാസവും 360 ജിബി സൗജന്യ വീഡിയോ സ്ട്രീമിങ് കമ്പനി വാഗ്ദാനം ചെയ്യുന്നു. ട്രെയ്‌നുകളിലും ദീര്‍ഘദൂര ബസ് സര്‍വീസുകളിലും കാത്തിരിപ്പ് മുറികളിലും ഹാവ്ഫണ്‍ ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു തവണ ഫോണില്‍ ഹാവ്ഫണ്‍ ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ ഹാവ്ഫണ്‍ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിച്ചിരിക്കുന്ന എവിടെയും ഇന്റനെറ്റിന്റെ സഹായമില്ലാതെ സൗജന്യമായി വീഡിയോകള്‍ കാണാന്‍ സാധിക്കും. സിനിമകളും, ഡോക്യുമെന്ററികളും സംഗീത വീഡിയോകളും ഉപയോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് തെരഞ്ഞെടുക്കാം. ഇപ്പോള്‍ ആന്‍ഡ്രോയിഡില്‍ ലഭിക്കുന്ന സേവനം മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്കും വ്യാപിപ്പിക്കുമെന്നും പറഞ്ഞു. വീഡിയോകള്‍ക്കിടയില്‍ വരുന്ന പരസ്യമാണ് കമ്പനിയുടെ വരുമാനം. ഒരു മണിക്കൂറില്‍ അഞ്ച് പരസ്യങ്ങളുണ്ടാകും. പരസ്യങ്ങള്‍ സ്‌കിപ്പ് ചെയ്യാന്‍ സാധിക്കില്ല. വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കില്ല. വാര്‍ത്താസമ്മേളനത്തില്‍ കമ്പനി സിഇഒ ജിജി ഫിലിപ്പ്, അഭിലാഷ് വി.ജയന്‍, പ്രൊജക്റ്റ് ഡയറക്റ്റര്‍ എസ്. അനീഷ് എന്നിവര്‍ പങ്കെടുത്തു.